SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

വീട് പണിക്കിടെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു വലിച്ചെടുത്തത് 3 മനുഷ്യജീവൻ

mannu
മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തിയപ്പോൾ

കൊത്തങ്കര(കാസർകോട്): വീട് പണിക്കിടെ ഇടിഞ്ഞു വീണ റോഡരികിലെ സംരക്ഷണ ഭിത്തിയുടെ മണ്ണിനും ചെങ്കല്ലിനും ഇടയിൽനിന്ന് വലിച്ചെടുത്തത് മൂന്ന് തൊഴിലാളികളുടെ ജീവൻ. കല്ലുകെട്ട് തൊഴിലാളികളായ കരിവെള്ളൂർ സ്വദേശി അശോകൻ (56), കരിവെള്ളൂർ കുണിയൻ സ്വദേശിയായ വിജേഷ് (38), മാണിയാട്ട് സ്വദേശി അശോകൻ (55) എന്നിവരാണ് മണ്ണിനടിയിൽ അകപ്പെട്ടത്.

സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും ചീമേനി, തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരും സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളും അശോകനെയും വിജേഷിനെയും മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒരു മണിക്കൂറോളം പരിശ്രമിച്ച് മണ്ണ് നീക്കം ചെയ്താണ് മാണിയാട്ട് സ്വദേശി അശോകനെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് തൊഴിലാളികളുടെയും നെഞ്ചുവരെ കല്ലുംമണ്ണും മൂടിയിരുന്നു. തലയിൽ വീഴാത്തത് അനുഗ്രഹമായി. ദേഹമാസകാലവും നെഞ്ചിലും സാരമായി പരിക്കേറ്റു. കല്ലുവീണ് ഒരാളുടെ കാലിന് മുറിവേറ്റു.

ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ കയ്യൂർ റോഡിലെ കൊത്തങ്കരയിൽ ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പലതവണ മണ്ണിടിച്ചൽ ഉണ്ടായ റോഡരികിൽ കനത്ത മഴയത്ത് മണ്ണ് ഇളക്കിമാറ്റി സംരക്ഷണഭിത്തി പണിയാൻ തയ്യാറായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മണ്ണിടിച്ചൽ ഉണ്ടായതിനാൽ റോഡിൽ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.

മതിൽകെട്ടിയത് പുതിയ വീട്ടിലേക്ക് മണ്ണിടിയുന്നത് തടയാൻ

പൊതാവൂരിലെ വ്യാപാരി ടി.വി കൃഷ്ണന്റെ കൊത്തങ്കരയിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലേക്ക് മണ്ണിടിയുന്നത് തടയാൻ ചെറുവത്തൂർ-കയ്യൂർ പൊതുമരാമത്ത് റോഡിന് സംരക്ഷണ ഭിത്തി കെട്ടുകയായിരുന്ന കല്ലുകെട്ട് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഭിത്തി പണിയുന്നതിനിടെ ചെങ്കല്ലും മണ്ണും ഇടിഞ്ഞു തൊഴിലാളികളുടെ മുകളിൽ പതിക്കുകയായിരുന്നു. ഫൗണ്ടേഷൻ ഒരുക്കുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ പത്ത് പേരാണ് മണ്ണിടിഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നത്. മണ്ണിനടിയിൽപെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന എം. ബാലകൃഷ്ണൻ, കെ.പി സുരേന്ദ്രൻ, പി.വി രാമചന്ദ്രൻ, എ. രവി, കുമാരൻ, അന്യസംസ്ഥാന തൊഴിലാളി റൂബി, അമ്മിഞ്ഞിക്കോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ തുടങ്ങിയവർ നേരിയ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

റോഡ് സൈഡിൽ നിന്നുമാണ് വലിയ ശബ്ദത്തിൽ മണ്ണിളകി വീണത്. രണ്ടാമതും പൊട്ടിയിരുന്നെങ്കിൽ ആരും ബാക്കി ഉണ്ടാകുമായിരുന്നില്ല. അതിന് മുമ്പ് മണ്ണ് നീക്കം ചെയ്ത് എല്ലാവരെയും പുറത്തെടുത്തു. മൂന്ന് പേരും താഴെ നിന്ന് കല്ലുകെട്ടുകയായിരുന്നു. ഞങ്ങൾ നാല് പേർ മുകളിൽ നിൽക്കുകയായിരുന്നു.

കെ.പി സുരേന്ദ്രൻ ( രക്ഷപ്പെട്ട നിർമ്മാണ തൊഴിലാളി, കൊത്തങ്കര)

എട്ട് മാസം മുമ്പാണ് വീട് പണി തുടങ്ങിയത്. പണി ഏതാണ്ട് പൂർത്തിയാകാനായിരുന്നു. റോഡിന്റെ സൈഡ് ഇടിയുന്നത് തടയാനും വീട് സംരക്ഷിക്കാനുമാണ് പിറകുഭാഗത്ത് റോഡിനോട് ചേർന്ന് മതിൽ കെട്ടാൻ തുടങ്ങിയത്. കുറച്ചു ദിവസമായി മഴ ഉണ്ടായിരുന്നെങ്കിലും മണ്ണിടിഞ്ഞു വരുമെന്ന് പ്രതീക്ഷിച്ചില്ല.

-ടി.വി കൃഷ്ണൻ പൊതാവൂർ (വീട്ടുടമ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL