നീലേശ്വരം:110 വർഷം പഴക്കമുള്ള കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമ. ഈ മാസം 25നുള്ളിൽ പാലം പൊളിച്ചു മാറ്റും. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച, ജില്ലയിൽ റെയിൽവേയുടെ ഏറ്റവും വലിയ പാലമാണ് കാര്യങ്കോട് പാലം. പാലത്തിലെ സാമഗ്രികൾ തമിഴ്നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിർമാണ ഫാക്ടറിയിലേക്കാണ് കൊണ്ടുപോകുന്നത്.
ബ്രിട്ടീഷുകാർ നിർമിച്ച ജില്ലയിൽ അവശേഷിക്കുന്ന ഏക പാലവും ഇതോടെ ചരിത്രത്തിലേക്ക് വഴി മാറും. പാലത്തിന്റെ തൂണുകളെല്ലാം അന്ന് കരിങ്കല്ലിലാണ് നിർമ്മിച്ചത്. അത് ഇതുവരെയായി യാതൊരു പോറലും ഏൽക്കാതെ തന്നെ കിടക്കുകയാണ്. കുമ്പളയിൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം 5 വർഷം മുൻപ് പൊളിച്ചുമാറ്റിയിരുന്നു. 18 തൂണുകളുള്ള കാര്യങ്കോട് പാലം പൊളിച്ചുമാറ്റുമ്പോൾ പാലത്തിന്റെ തീരങ്ങളിലുള്ള ജനതയ്ക്ക് അവരുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് ഇല്ലാതാവുന്നത്.
പാലത്തിന്റെ പാളങ്ങളാണ് ഇപ്പോൾ പൊളിച്ചുകൊണ്ടുപോകുന്നത്. തൂണുകൾ പുഴയിൽ തന്നെ നിർത്തും. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തൊട്ടു കിഴക്ക് ഭാഗത്തായി രണ്ടാമത്തെ പാലത്തിന്റെ നിർമ്മാണവും അതിവേഗത്തിൽ നടന്നുവരികയാണ്. മുണ്ടേമ്മാട് പാലത്തിന്റെയും, തൈക്കടപ്പുറം ഓർക്കളം പാലത്തിന്റെയും പണിയും അന്തിമഘട്ടത്തിലാണ്. ഇവ പൂർത്തിയാവുന്നതോടെ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ 7 പാലങ്ങൾ കാണാനാകുമെന്ന പ്രത്യേകതയും ഉണ്ട്.
പാലത്തിന് പറയാൻ കഥകൾ ഏറെ
ട്രെയിൻ വരുമ്പോൾ പാലത്തിന്റെ തൂണിനു മുകളിൽ സ്ഥാപിച്ച കൂടുകളിൽ കയറി നിൽക്കുന്നതും വൈകുന്നേരങ്ങളിൽ പാലത്തിന്റെ തൂണുകൾക്ക് താഴെ ഇരുന്ന് തേജസ്വിനി പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും അടക്കമുള്ള ഓർമകൾ പ്രദേശവാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ആത്മഹത്യ ചെയ്യാൻ വന്ന് പാലത്തിനു മുകളിൽ നിന്ന് താഴേക്കു ചാടിയ അധികമാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. കാരണം അക്കാലത്ത് ഏതു നേരത്തും പാലത്തിന്റെ തൂണിന് താഴെ ചെറു തോണികളിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരുണ്ടാകും. ഇവരുടെ കൈകളിലേക്കാണ് ചാടിയവർ എത്തുക. ഇത്തരത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളുടെ കഥകൾ ഏറെ പറയാനുണ്ട് ഈ പാലത്തിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |