കാസർകോട്: ജില്ലയിലെ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനം ശാക്തീകരിക്കുന്നതിനും സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ യഥാസമയം ഇടപെടുന്നതിനും സഹായകമായ തീരുമാനങ്ങളുമായി വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം സമാപിച്ചു. ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ, നേതാക്കളായ സി.എച്ച് കുഞ്ഞമ്പു, കെ.പി സതീഷ് ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടു പോവുക എന്നുള്ളതാണ് വിപുലീകൃത യോഗത്തിന്റെ പ്രധാന ഉദ്ദേശം. ബഹുജനങ്ങളുമായുള്ള ബന്ധം ദൃഢീകരിക്കുന്നതിന്റെ ഭാഗമായി പാർട്ടി നേതാക്കൾ ഉൾപ്പെടെ എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുക എന്ന കമ്മ്യൂണിസ്റ്റ് ശൈലിയിലേക്ക് പാർട്ടി പൂർണ്ണമായും മാറും.
പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും ബാധ്യതകളും സംബന്ധിച്ച് സമയ ബന്ധിതമായി പരിശോധന നടത്തും. ബ്രാഞ്ച് കമ്മിറ്റികളുടെ ശാക്തീകരണവും പഠന പരിപാടികളും സംഘടിപ്പിക്കും.
ബ്രാഞ്ച് സെക്രട്ടറി ജനകീയ അംഗീകാരം ഉള്ള ആളും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന ആളും അതോടൊപ്പം തന്നെ ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു വിപ്ലവ പാർട്ടി എന്ന നിലയിൽ പാർട്ടിയുടെ ഗുണസവിശേഷതകൾ കാത്തുസൂക്ഷിക്കാൻ കഴിയുന്നവരും പ്രത്യയശാസ്ത്ര ധാരണയുള്ള ആളുകളും കൂടിയായിരിക്കണം. പാർട്ടിയെ സംബന്ധിച്ച് കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം നൽകുക എന്നത് വളരെ പ്രധാനമാണ്. അതിനുതകുന്ന രീതിയിൽ പ്രാദേശിക നേതൃത്വം എന്ന നിലയിൽ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരെ പരിശീലിപ്പിച്ചെടുക്കാനാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാകും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാട് സംബന്ധിച്ച് ബ്രാഞ്ച് സെക്രട്ടറിമാർക്കും ലോക്കൽ സെക്രട്ടറിമാർക്കും കാലോചിതമായ ഒരു സിലബസ് തയ്യാറാക്കിക്കൊണ്ടുള്ള പഠന പരിപാടികൾ ആവിഷ്കരിക്കും. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് പഠന കേന്ദ്രം വഴി പഠന പരിശീലന പദ്ധതികളുമായി മുന്നോട്ടുപോകും.
ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കിടയിൽ പ്രവർത്തനം ഇനിയും ശക്തിപ്പെടുത്തും. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അവർ അധിവസിക്കുന്ന പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തനം വിപുലീകരിക്കാനും അനുസൃതമായ പരിപാടികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകാനാണ് പാർട്ടി ആലോചിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |