കൊല്ലം: യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളെ പലതവണ ആക്രമിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകന് അംഗത്വം നൽകിയ ആർ.എസ്.പിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഇദ്ദേഹം യു.ഡി.എഫ് പരിപാടികളിൽ എത്തിയാൽ പരസ്യമായി പ്രതിഷേധിക്കാനും ഇന്നലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
ലഹരിമാഫിയയെ തളയ്ക്കാൻ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാനെ ഭയന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആർ.എസ്.പിയിൽ ചേർന്നതെന്ന് ആരോപണം ഉയർന്നു. ഇത്തരക്കാരെ തോളിലേറ്റി നടക്കുന്നവർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ, കെ.എസ്.യു നേതാക്കളായ ആഷിക് ബൈജു, അജ്മൽ അടക്കമുള്ള നേതാക്കളെ ചിന്നക്കടയിൽ വച്ച് മർദ്ദിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് ഈ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ.
ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ ആർ.എസ്.പി നടപടിക്കെതിരെ ദേശീയ സെക്രട്ടറി പുഷ്പലത, ജില്ലാ പ്രസിഡന്റ് പുഷ്പലത, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷംല നൗഷാദ്, അസൈൻ പള്ളിമുക്ക് എന്നിവർ വിമർശനം ഉയർത്തി. ഇക്കാര്യം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ പറഞ്ഞു.
ആർ.എസ്.പി പിണറായിസം
പ്രത്യയശാസ്ത്രമാക്കരുത് : വിഷ്ണു സുനിൽ
കൊല്ലം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി ആക്രമിച്ചവരെ പട്ടും വളയും നൽകി സ്വീകരിച്ച്, ആർ.എസ്.പി പിണറായിസം പ്രത്യയശാസ്ത്രമാക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
തികച്ചും ജനാധിപത്യ മാർഗ്ഗത്തിൽ സമരം ചെയ്യുകയായിരുന്ന താനടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന സാമൂഹ്യവിരുദ്ധനെ ആർ.എസ്.പി സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യമാണ്. ഇപ്പോൾ അനുഭവിക്കുന്ന അധികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ചോരയൊഴുക്കി സമരം ചെയ്ത് നേടിയതാണെന്ന് ആർ.എസ്.പിക്കാർ ഓർക്കണം. നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർത്ഥികളുടെ ഇടവും വലവും ഉണ്ടായിരുന്നത് കോൺഗ്രസുകാരാണ്. സി.പി.എം വലിച്ചെറിഞ്ഞ മാലിന്യങ്ങളെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുതെന്നും വിഷ്ണു സുനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |