കൊല്ലം: എക്സൈസ് വകുപ്പ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരി ഗുളികകളായ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രോസെപം ഗുളികകളുമായി യുവാവ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായി.
ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യറാണ് (36) പിടിയിലായത്. 40,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സേവ്യർ വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം പാലത്തിന് സമീപമുള്ള വീട്ടിൽ നിന്നാണ് ഗുളികകൾ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി ഗുളികകൾക്ക് മൊത്ത വിപിണിയിൽ 15 ലക്ഷം വില വരും. ചില്ലറയായി വിൽക്കുമ്പോൾ 30 ലക്ഷം വരെയാകും.
പത്ത് ഗുളികകൾ വീതമുള്ള പത്ത് സ്ട്രിപ്പുകളങ്ങിയ ബോക്സാണ് ടിന്റു തോമസ് വിൽക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരെണ്ണം 140 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു ബോക്സ് 14000 രൂപയ്ക്കും. വാങ്ങുന്നവർ ഒരു ഗുളിക 400 രൂപയ്ക്കാണ് വിൽക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 2.50 രൂപയാണ് ഈ ഗുളികയ്ക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കാത്തതാണ് ലഹരി വില്പനക്കാർ കരുവാക്കുന്നത്. ലഹരി ഗുളികകൾ ടിന്റു മുംബയിൽ നിന്നാണ് എത്തിച്ചത്.
സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബി. ഷെഫീഖ്, പ്രിവന്റിവ് ഓഫീസർ പി. ദിലീപ്കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. മിനേഷ്യസ്, എസ്. ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജി. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |