SignIn
Kerala Kaumudi Online
Saturday, 18 July 2026 1.58 AM IST

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ

kunnathoor-
മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ്

കുന്നത്തൂർ: ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി താമസിയാതെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും, തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ചെലവ് തുല്യ പങ്കാളിത്തത്തിൽ

സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും 50:50 അനുപാതത്തിൽ ചെലവ് വഹിച്ചാണ് 49.94 കോടി രൂപയുടെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നത്. സംസ്ഥാന സർക്കാർ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്കാണ് (ആർ.ബി.ഡി.സി.കെ.) പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതിയുടെ വിശദമായ രൂപരേഖ (ഡി.പി.ആർ) നേരത്തേ കിഫ്ബി അംഗീകരിച്ചിരുന്നു. ദക്ഷിണ റെയിൽവേയുടെ നിർദേശപ്രകാരം ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ (ഐ.ആർ.സി.-2017) മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പുതുക്കിയ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗിന് (ജി.എ.ഡി.) കഴിഞ്ഞ ജൂൺ മാസത്തിൽ റെയിൽവേ അംഗീകാരം നൽകിയിരുന്നു.

 ഏകോപന യോഗം ഉടൻ

പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കെട്ടിടങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി കുന്നത്തൂർ എം.എൽ.എ., ദക്ഷിണ റെയിൽവേ, റവന്യൂ വകുപ്പ്, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക ഏകോപന യോഗം താമസിയാതെ വിളിച്ചുചേർക്കുമെന്ന് എം.പി. അറിയിച്ചു. പ്രശ്നപരിഹാരത്തിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്ത ശേഷമായിരിക്കും കെട്ടിടങ്ങൾ പൊളിച്ചുനീക്കുക.

തുടർച്ചയായി റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമൂലം മൈനാഗപ്പള്ളി മേഖലയിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ദീർഘനേരത്തെ കാത്തിരിപ്പിനും ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണിതെന്ന് എം.പി. പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരുമായും റെയിൽവേയുമായും നിരന്തര ഇടപെടൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL