കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പി.ജി കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതിക്കായി നാഷണൽ മെഡിക്കൽ കമ്മിഷനിൽ അപേക്ഷിക്കാനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് ഇ.എസ്.ഐ ഡയറക്ടർ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.
മെഡിക്കൽ കോളേജ് അല്ലാത്ത ആശുപത്രിയിൽ പി.ജി ഇൻസ്റ്റിറ്റ്യ്യൂട്ടായി കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ നൽകാറുണ്ട്. ഇപ്പോൾ പി.ജി ഇൻസ്റ്റിറ്റ്യൂട്ടായി തുടങ്ങാനാണ് അപേക്ഷിക്കുന്നതെങ്കിലും മെഡിക്കൽ കോളേജ് വന്നാൽ പി.ജി. കോഴ്സുകൾ അതിന്റെ ഭാഗമാകും. പാരിപ്പള്ളി ഗവ. മെഡി. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പുതിയ പി.ജി. കോഴ്സുകളുടെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനുള്ള പരിശോധനയ്ക്ക് സർക്കാർ നിയോഗിക്കാനാണ് സാദ്ധ്യത. ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലായി 20 പി.ജി സീറ്റുകൾക്കാണ് അപേക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയാലും പി.ജി കോഴ്സ് അനുവദിക്കുന്നതിന് മുൻപ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ കർശന പരിശോധ ഉണ്ടാകും.
എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കാനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഇ.എസ്.ഐ കോർപ്പറേഷൻ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. 2026-27 അദ്ധ്യയന വർഷം മെഡിക്കൽ കോളേജ് ആരംഭിക്കാനായി നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകാനായിരുന്നു ഇത്. എന്നാൽ കോർപ്പറേഷൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് അനങ്ങിയില്ല. യു.ഡി.എഫ് വന്ന ശേഷമാണ് എം.ബി.ബി.എസ് കോഴ്സിനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.
എം.പിയുടെ ഇടപെടൽ
ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം കൂടിയായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഇടപെടൽ ഉള്ളതിനാൽ കാര്യമായ തടസവാദങ്ങൾ ഉയർത്താതെ ആരോഗ്യ വകുപ്പ് പി.ജി കോഴ്സുകൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ അനസ്തേഷ്യ, ഫാമിലി മെഡിസിൻ എന്നിവയിൽ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിന്റെ പി.ജി കോഴ്സുണ്ട്. രണ്ട് ഇ.എസ്.ഐ ക്വാട്ട സഹിതം ആറ് സീറ്റുകൾ വീതമാണുള്ളത്.
പി.ജി വന്നാൽ
ക്ലിനിക്കൽ പ്രാക്ടീസ് ആശ്രാമം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ
കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും
കോഴ്സ് പൂർത്തിയായ ശേഷം ബോണ്ട് അടിസ്ഥാനത്തിലുള്ള സേവനം
ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ശക്തമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |