കൊല്ലം: കത്തുന്ന വെയിൽ, ഇടയ്ക്കിടെ പെയ്തിറങ്ങിയ മഴ... കാലാവസ്ഥ മാറിമറിഞ്ഞെങ്കിലും ജില്ലാ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് അഞ്ചലോട്ടം. ട്രാക്കിലും ഫീൽഡിലും തീപാറിയ രണ്ടാം ദിനം 19 സ്വർണവും 19 വെള്ളിയും 10 വെങ്കലവുമടക്കം 187 പോയിന്റോടെ അഞ്ചൽ ഒന്നാംസ്ഥാനം നിലനിറുത്തി. 13 സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവും ഉൾപ്പടെ 105 പോയിന്റുമായി ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത്. 11 സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവും നേടി 102 പോയിന്റോടെ പുനലൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്‌കൂളുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ എട്ട് സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആകെ 75 പോയിന്റ് നേടി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്താണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമായി 49 പോയിന്റോടെ പൂതക്കുളം ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമായി 37 പോയിന്റോടെ അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
റിലേയിലും ആധിപത്യം
രണ്ടാംദിനത്തിൽ ട്രാക്കിലും ഫീൽഡിലും അഞ്ചലിന്റെ ആധിപത്യം വിളിച്ചോതുന്നതായിരുന്നു റിലേ പോരാട്ടങ്ങൾ. സബ് ജൂനിയർ, ജൂനിയർ പെൺ, ആൺ വിഭാഗങ്ങളിലും സീനിയർ പെൺ വിഭാഗത്തിലുമുള്ള റിലേകളിൽ അഞ്ചൽ തങ്ങളുടെ കരുത്ത് അരക്കിട്ടുറപ്പിച്ചു. ഇതിന് പുറമെ 1500, 400 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ലോംഗ് ജംപ് ഇനങ്ങളും ആവേശം കൊള്ളിച്ചു. രണ്ടാംദിനം 35 ഇനങ്ങളിൽ ഫൈനൽ പൂർത്തിയായി. സമാപന ദിവസമായ ഇന്ന് ആവേശകരമായ പോരാട്ടം 200 മീറ്റർ ട്രാക്കിലാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലാണ് കലാശപ്പോരാട്ടം. 4x400 മീറ്റർ റിലേ മത്സരങ്ങൾ, പോൾവോൾട്ട് തുടങ്ങിയവയുടെ ഫൈനലുകളും ട്രാക്കിൽ ഇന്ന് ആവേശം തീർക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |