SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

വാടക നിരക്ക് കുറച്ചു: ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ജനകീയമാകും

കൊല്ലം: സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും കലാസംഘടനകൾക്കും ആശ്വാസമായി സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ വാടക നിരക്ക് കുറച്ചു. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തീരുമാനം.

സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ വാടക 40000 ൽ നിന്ന് 30000 രൂപയായി കുറച്ചു. മറ്റുള്ളവയുടെ വാടക രണ്ടായിരം മുതൽ മൂവായിരം രൂപ വരെ കുറച്ചു. ഡെപ്പോസിറ്റ് തുകയും കുറച്ചിട്ടുണ്ട്.

ഉയർന്ന വാടക നിരക്കും ഡെപ്പോസിറ്റ് തുകയും കാരണം കലാ, സാംസ്കാരിക സംഘടനകളും സ്വകാര്യ സഘടനകളും ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വരുമാനം കുറവായിരുന്നു.

പ്രതിമാസം ആറ് ലക്ഷം രൂപ വരെ ചെലവുള്ളപ്പോൾ മൂന്ന് മുതൽ അഞ്ചുലക്ഷം രൂപ വരെ മാത്രമായിരുന്നു വരുമാനം. സാംസ്കാരിക സമുച്ചയങ്ങളുടെ നടത്തിപ്പിനായി സർക്കാരിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ചാണ് വൈദ്യുതി ചാർജും മറ്റ് ചെലവുകളും കുടിശികയില്ലാതെ മുന്നോട്ടുപോകുന്നത്. നാലുലക്ഷം രൂപ വരെ പ്രതിമാസം കറണ്ട് ചാർജാകും. വാടകയും ഡെപ്പോസിറ്റ് തുകയും കുറച്ചതോടെ കൂടുതൽ പരിപാടികളെത്തി വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ.

മന്ത്രി വിഷ്ണുനാഥിന്റെ ഇടപെടൽ

കലാ സാംസ്കാരിക പ്രവർത്തകരുടെ പരാതിയെ തുടർന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാടക നിരക്ക് കുറച്ചത്.

സൗകര്യം, വാടക, ഡെപ്പോസിറ്റ്

എ.സി ഓഡിറ്റോറിയം- 30000, 10000
സെമിനാർ ഹാൾ- 15000, 10000
ഓപ്പൺ എയർ ഓഡിറ്റോറിയം- 12000, 500
കോറിഡോർ- 10000, 5000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL