SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

മകൻ ചതിയിൽപ്പെട്ട് മലേഷ്യൻ ജയിലിൽ, കാഴ്ച പരിമിതിയുള്ള ഉമ്മ വാടകവീട്ടിൽ

കൊല്ലം: മെച്ചപ്പെട്ട ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് മലേഷ്യയിലെത്തിച്ച തൃക്കോവിൽവട്ടം സ്വദേശിയായ യുവാവ് എട്ട് വർഷമായി ജയിലിൽ കഴിയുന്നുവെന്ന് കാഴ്ച പരിമിതിയുള്ള മാതാവ് പത്രസമ്മേളനത്തിൽ അറിയിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പേരയം നോർത്ത് പതിനെട്ടാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബീമയുടെ മകൻ സിയാദാണ് (34) ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ജയിലിലായത്.

വർക്കല സ്വദേശിയായ സജീവ് എന്ന ഏജന്റും അന്യസംസ്ഥാനക്കാരുമടങ്ങുന്ന മൂന്നംഗ സംഘമാണ് കെമിക്കൽ കമ്പനിയിലെ ജോലിയെന്ന് വിശ്വസിപ്പിച്ച് 2018 ഏപ്രിൽ 6ന് മലേഷ്യയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് മയക്കുമരുന്ന് കടത്താണ് ജോലിയെന്ന് സിയാദ് തിരിച്ചറിഞ്ഞത്. ഇതിനെതിരെ കമ്പനി അധികൃതരുമായി തർക്കിക്കുകയും നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്തതോടെ, ഏജന്റുമാരും കമ്പനി അധികൃതരും ചേർന്ന് സിയാദിനെ ചതിയിൽപ്പെടുത്തി പൊലീസിന് കൈമാറി. തുടക്കത്തിൽ മൂന്നുമാസത്തെ ശമ്പളം നൽകിയിരുന്നു. വിഷയമാക്കേണ്ടെന്നും കുറച്ചുനാൾ കഴിഞ്ഞ് തങ്ങൾതന്നെ വക്കീലിനെ വച്ച് സിയാദിനെ പുറത്തിറക്കാമെന്നും ഏജന്റ് സജീവ് ബന്ധുക്കളെ വിശ്വസിപ്പിച്ചു. എന്നാലിപ്പോൾ സജീവും മറ്റൊരു കേസിൽ ജയിലിലായി. ഇതോടെ തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടതായി ബീമ പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന തനിക്ക് 50 ശതമാനം മാത്രമാണ് കാഴ്ചയെന്നും ആകെയുള്ള ആശ്രയമായിരുന്നു അവിവാഹിതനായ മകനെന്നും ബീമ പറഞ്ഞു. എട്ടു വർഷമായി വാടകവീട്ടിൽ കഴിയുന്ന ഇവർ മകന്റെ മോചനത്തിനായി സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹായം അഭ്യർത്ഥിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL