കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളി ഗ്രാമമായ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിച്ചുകൊണ്ട് ആദ്യമായി നിർമ്മിച്ച പണിക്കർകടവ് പാലത്തിന്റെ പുനർനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ തെളിയുന്നു. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലം പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ നടപടികൾ പുരോഗമിക്കുകയാണ്.
ചരിത്രവും പഴയകാല പ്രാധാന്യവും
ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ ടി.എസ്. കനാലിനു കുറുകെയാണ് പണിക്കർകടവ് പാലം സ്ഥിതി ചെയ്യുന്നത്. ഐ.ആർ.ഇ.-യുടെ കരിമണൽ മേഖലയായ പണ്ടാരതുത്ത്, വെള്ളനാതുരുത്ത് ഭാഗങ്ങളിൽ നിന്നും ലോറികളിൽ കരിമണൽ കയറ്റി കൊണ്ടുപോയിരുന്ന പ്രധാന പാത കൂടിയായിരുന്നു ഇത്. എന്നാൽ, കാലപ്പഴക്കം കാരണം പാലത്തിന്റെ അടിഭാഗത്തെയും സ്പാനുകളിലെയും കോൺക്രീറ്റുകൾ ഇളകി വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ശോച്യാവസ്ഥയെക്കുറിച്ച് കേരള കൗമുദി പലതവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ:
പാലത്തിന് 5 സ്പാനുകളും 128.96 മീറ്റർ നീളവുമുണ്ടായിരിക്കും.
പാലത്തിന് 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
45 മീറ്റർ സ്പാനിൽ പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളും ആർ.സി.സി. സ്ലാബും, 20 മീറ്റർ സ്പാനിൽ ആർ.സി.സി ഗർഡറുകളും ആർ.സി.സി. സ്ലാബുകളുമാണ് നൽകിയിട്ടുള്ളത്.
ആലപ്പാട് ഭാഗത്ത് 60 മീറ്റർ നീളവും കരുനാഗപ്പള്ളി ഭാഗത്ത് 62 മീറ്റർ നീളവുമുള്ള അപ്രോച്ച് റോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നു.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കോസ്റ്റൽ സോൺ മാനേജ്മെന്റ് എന്നിവയ്ക്കുള്ള അനുബന്ധ ഫീസ് ഉൾപ്പെടെ ഏകദേശം 21 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കിയിരിക്കുന്നത്. സി.ആർ. മഹേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.ദീപ്തി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് രൂപേഷ്, അസിസ്റ്റന്റ് എൻജിനീയർ മിനു സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദർശിക്കുകയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
പാലം സന്ദർശനത്തോടനുബന്ധിച്ചും തുടർന്നുള്ള യോഗത്തിലും നഗരസഭ ചെയർമാൻ പി. സോമരാജൻ, ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനമ്പത്ത് ഗഫൂർ, കൗൺസിലർമാരായ സിംലാൽ, അശ്വതി, പ്രശാന്ത്, ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി സുഗതൻ, അംഗം ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.
ഉൾനാടൻ ജലപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹൊറിസോണ്ടൽ ക്ലിയറൻസ് നിലവിലെ പാലത്തിന് ഇല്ലാതിരുന്നതിനാലാണ് പുനർനിർമ്മാണം അനിവാര്യമായത്. എത്രയും പെട്ടെന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
സി.ആർ. മഹേഷ്
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |