കൊല്ലം: വടക്ക് കിഴക്കൻ കാലവർഷത്തിന് മുന്നോടിയായി തുലാമഴയ്ക്ക് സമാനമായി മഴ സജീവമായതോടെ ജില്ലയിൽ അന്തരീക്ഷം തണുക്കുന്നു. പുനലൂർ, ആര്യങ്കാവ് ഉൾപ്പടെയുള്ള കിഴക്കൻ മലയോര മേഖലകളിൽ പുലരിമഞ്ഞ് ദൃശ്യമായിത്തുടങ്ങി. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിലെ അന്തരീക്ഷച്ചുഴിയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.
വരുംദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് മൂന്നോടെ തുള്ളിമുറിയാതെ പെയ്ത മഴയിൽ നിലമേൽ ജംഗ്ഷനിലെ റോഡുകൾ മണിക്കൂറുകളോളം വെള്ളക്കെട്ടായി. സമീപത്തെ കടകളിലും വെള്ളം കയറി. അശാസ്ത്രീയ ഓട നിർമ്മാണത്തെ തുടർന്നാണ് വെള്ളക്കെട്ട് ഉണ്ടായതെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിച്ചു. വ്യാഴാഴ്ച കൊല്ലം - തിരുമംഗലം ദേശീയപാതയിൽ എഴുകോൺ പോളിടെക്നിക്കിന് സമീപം മരം വീണ് മണിക്കൂറോളം ഗതാഗത തടസമുണ്ടായി.
പുനലൂരിൽ കഴിഞ്ഞ ദിവസം രാത്രിതാപനില 23 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കൊല്ലം നഗരത്തിൽ 9 മില്ലി മീറ്ററും കാരുവേലിലിൽ 5 മില്ലി മീറ്ററും ചവറയിൽ ഒരു മില്ലി മീറ്ററും മഴ ലഭിച്ചു. ന്യൂനമർദത്തിന്റെ പ്രഭാവം കുറയുന്നതോടെ പകൽ തെളിഞ്ഞ കാലാവസ്ഥയും വൈകുന്നേരങ്ങളിൽ നേരിയ മഴയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും.
മുൻകരുതൽ സ്വീകരിക്കണം
മലയോര മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള രാത്രിയാത്രകൾ ഒഴിവാക്കുക
നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്
ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചു
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം
കെ.എസ്.ഇ.ബി കൺട്രോൾ റൂം
1912
ദുരന്തനിവാരണ കൺട്രോൾ റൂം
1077
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |