SignIn
Kerala Kaumudi Online
Monday, 19 October 2026 7.19 PM IST

തകർന്നടിഞ്ഞ കണ്ണംകോട് റോഡിൽ മീൻ വളർത്തി നാട്ടുകാർ!

cc
തകർന്നു കിടക്കുന്ന വെട്ടിക്കവല കണ്ണംകോട് - പനവേലി റോഡിലെ വെള്ളക്കെട്ടിൽ മീൻ വളർത്തി നാട്ടുകാർ പ്രതിഷേധിക്കുന്നു

കൊട്ടാരക്കര: വെട്ടിക്കവല കണ്ണംകോട് - പനവേലി റോഡ് തകർന്ന് കാൽനടയാത്ര പോലും അസാദ്ധ്യമായതോടെ റോഡിലെ വെള്ളക്കെട്ടിൽ മത്സ്യകൃഷി നടത്തി നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ 25 വർഷമായി ഈ റോഡ് തകർന്നു കിടക്കുകയാണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ മാത്രം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും സ്ഥിരമായി ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

 രണ്ട് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഇടറോഡ്

കൊട്ടാരക്കര - പുനലൂർ റോഡും കൊട്ടാരക്കര - ആയൂർ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡിനാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. കൊട്ടാരക്കര - പുനലൂർ റോഡിലെ ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് തുടങ്ങി വെട്ടിക്കവല, കണ്ണംകോട് വഴി കൊട്ടാരക്കര - ആയൂർ റോഡിലെ പനവേലി ജംഗ്ഷനിൽ എത്തുന്നതാണ് ഈ റോഡ്. ഇതിൽ വെട്ടിക്കവല പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ പനവേലി ഗുരുമന്ദിരം വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നടിഞ്ഞിരിക്കുകയാണ്. ടാറും മെറ്റലും ഇളകി വലിയ കുഴികളും വൻ വെള്ളക്കെട്ടുകളുമാണ് റോഡിലുടനീളം രൂപപ്പെട്ടിട്ടുള്ളത്.

 മെറ്റലും പാറപ്പൊടിയും വഴിയിൽ നശിക്കുന്നു

തകർന്ന റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ല്യു.ഡി, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. സമരം ശക്തമായതോടെ ഒരു വർഷം മുൻപ് റോഡ് പണിക്കായി കരാർ നൽകുകയും കരാറുകാരൻ മെറ്റലും പാറപ്പൊടിയും വഴിയിൽ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സാമഗ്രികൾ പണി നടത്താതെ മാസങ്ങളായി വഴിയിൽ തന്നെ കിടക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഈ നാടകമെന്നും നാട്ടുകാർ ആരോപിക്കുന്നു.

നാട്ടുകാർ പ്രതിഷേധിച്ചു

നിലവിൽ മഴ പെയ്യുന്നതോടെ റോഡിൽ വൻ വെള്ളക്കെട്ട് രൂപപ്പെടുകയും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് യാത്ര അസാദ്ധ്യമാകുകയും ചെയ്തിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് റോഡിലെ വെള്ളക്കെട്ടിൽ നാട്ടുകാർ പ്രതിഷേധ സൂചകമായി മത്സ്യകൃഷി നടത്തിയത്. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമരം വെട്ടിക്കവല അജി ഉദ്ഘാടനം ചെയ്തു. ശ്രീജ, ജലജ, ശശികല, വാസസൻ, സുന്ദരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL