
ഇടമറ്റം: വിവിധ പദ്ധതികൾ നടപ്പാക്കാൻ സ്ഥലം കണ്ടെത്താൻ അധികൃതർ നെട്ടോട്ടമോടുന്നതിനിടെ മീനച്ചിൽ പഞ്ചായത്തിൽ ഇടമറ്റത്ത് ഒരേക്കറോളം സർക്കാർ സ്ഥലം വർഷങ്ങളായി കാടുകയറി കിടക്കുന്നു. ഇടമറ്റത്ത് പ്രവർത്തനം നിലച്ച ഗവൺമെന്റ് എൽപി സ്‌കൂളിന്റെ സ്ഥലമാണ് ഒന്നര പതിറ്റാണ്ടിലേറെയായി ഉപയോഗിക്കപ്പെടാതെ അവഗണന നേരിടുന്നത്. ഇവിടെയുണ്ടായിരുന്ന സ്‌കൂൾ കെട്ടിടം പൂർണമായും ജീർണിച്ച് നശിച്ചുപോയി. 18 വർഷം മുമ്പ് ഇവിടെ അസാപ്പിന്റെ കമ്മ്യൂണിറ്റി പാർക്ക് നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. നിർമ്മാണം ആരംഭിക്കുമെന്ന പേരിൽ സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ വികസന സെമിനാറുകളിലും ഗ്രാമസഭകളിലും നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. അന്ന് ഇതോടൊപ്പം പദ്ധതി തയ്യാറാക്കിയ മറ്റു സ്ഥലങ്ങളിൽ നിർമാണം തുടങ്ങുകയും പാർക്കുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
താവാളമാക്കി സാമൂഹ്യ വിരുദ്ധർ
കാടുപിടിച്ച പരിസരം ഇന്ന് സമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറി.
കാടുകയറിയ സ്ഥലം വിനിയോഗിച്ച് പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കണമെന്ന് നാട്ടുകാർ പഞ്ചായത്തിനോടും വിവിധ ജനപ്രതിനിധികളോടും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
വിദ്യാഭ്യാസ, ആരോഗ്യ, കായിക, വ്യവസായ, ഭക്ഷ്യ, വൈദ്യുതി, വിനോദ, സാംസ്‌കാരിക വകുപ്പുകളിൽ സാധ്യതയുള്ളവയ്ക്കു വേണ്ടി സ്ഥലം വിട്ടുനൽകണമെന്നാണ് പൊതുവായ ആവശ്യം.
വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്ന ആയുർവേദ ആശുപത്രി തുടങ്ങുന്നതിനും സൗകര്യപ്രദമായ സ്ഥലമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടമറ്റത്ത് കാടുകയറി നശിക്കുന്ന സർക്കാർ സ്ഥലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |