
പൊൻകുന്നം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കാരം ഫലം കാണുന്ന ലക്ഷണമില്ല. പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും ഗതാഗതക്കുരുക്കിനും ടൗണിലെ തിരക്കിനും യാതൊരു മാറ്റവുമില്ല. നിലവിൽ ബസ് സ്‌റ്റോപ്പുകളുടെ ക്രമീകരണം, വഴിയോര പാർക്കിംഗ് നിയന്ത്രണം, വഴിയോരക്കച്ചവട നിയന്ത്രണം എന്നിവയാണ് നടപ്പായത്. ആവശ്യമായ ബോർഡുകൾ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ സ്ഥാപിച്ചു. വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ നടപ്പാത കയ്യേറുന്ന കച്ചവടക്കാരെയും നിയന്ത്രിക്കണം. കടയിൽ നിന്ന് കച്ചവട സാധനങ്ങൾ നടപ്പാതയിൽ നിരത്തിവച്ച് കാൽനടയാത്രക്കാരുടെ വഴിമുടക്കുന്ന കച്ചവടക്കാരുണ്ട്. ഗതാഗതതടസം ഒഴിവാക്കാൻ ദേശീയപാതാ വിഭാഗത്തിന്റെ ഇടപെടൽ ആവശ്യമാണ്.
ഓരോ ദിശയിലേക്ക് വാഹനങ്ങൾ കടന്നുപോകാനുള്ള ലൈനുകൾ വേണം
ദേശീയപാതയും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന ട്രാഫിക് കവലയിലാണ് കൂടുതൽ ക്രമീകരണം വേണ്ടത്. ഇത് നടപ്പാക്കേണ്ടത് ദേശീയപാതാ വിഭാഗമാണ്. പൊൻകുന്നം- പുനലൂർ ഹൈവേയിൽ വരുന്ന വാഹനങ്ങൾ അര കിലോമീറ്ററിലേറെ കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പലപ്പോഴും നിരയായി കിടക്കേണ്ടി വരുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും തിരിയുന്നതിനിടെ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കുരുക്കിലാകും. ഇതിനിടയിൽ തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിവരുന്നതും പ്രശ്നമാണ്.
ഓരോ ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള ലൈനുകൾ സ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാകൂ. ഇത് ചെയ്യേണ്ടത് ദേശീയപാതാ വിഭാഗമാണ്. പഞ്ചായത്ത് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |