കിടങ്ങൂർ : എസ്.എൻ.ഡി.പി യോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയ്ക്കിടെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ ഒടുവിൽ കിടങ്ങൂർ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ നിഷ്ക്രിയത്വം പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊലീസ് സ്റ്റേഷൻ മാർച്ചടക്കം യൂത്ത്മൂവ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് തുടർച്ചയായി മാദ്ധ്യമവാർത്തകളും വന്നതോടെ പൊലീസ് പ്രതിരോധത്തിലായി. ഇതോടെ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് പരാതിക്കാരനായ ഗോപകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഘോഷയാത്രയ്ക്കിടെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നും, ജാതി വിളിച്ച് അസഭ്യം പറഞ്ഞെന്നുമാണ് പരാതി. അലക്ഷ്യമായി വാഹനം ഓടിച്ചതിനും, ജാതി അധിക്ഷേപത്തിനുമാണ് കേസ് എടുത്തിട്ടുള്ളതെന്നാണ് സൂചന.
കേസെടുത്ത സാഹചര്യത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ, ദൃക്‌സാക്ഷി മൊഴികൾ, വാഹനത്തിന്റെ സഞ്ചാര വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകും അന്വേഷണം പുരോഗമിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |