
കോട്ടയം: തലമുടി വളമാക്കിയാൽ നല്ല വിളവ് കൊയ്യാം.. ഇത് പല കർഷകരുടെയും അനുഭവമാണ്. നൈട്രജന്റെ അംശം മുടിയിൽ കൂടുതലുള്ളതിനാൽ തെങ്ങ്, റബർ, ജാതി,പ്ലാവ്, നാരകം തുടങ്ങിയ എന്തിനും തലമുടി നല്ല ജൈവളമാണ്. ബാർബർ ഷോപ്പുകൾളിൽ ഉൾപ്പെടെ കെട്ടിക്കിടക്കുന്ന തലമുടി എങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വലയുകയാണ് കടയുടമകൾ. മുമ്പ് മുടിക്ക് വാങ്ങാൻ തമിഴ്നാട്ടിൽ നിന്നു വരെ കച്ചവടക്കാർ എത്തുമായിരുന്നു. തമിഴ്നാട്ടിലെ മിക്കക്ഷേത്രങ്ങളിൽ വഴിപാടായി മുടി മുറിക്കുന്നതിനാൽ മുടിയുടെ ലഭ്യത വർദ്ധിച്ചു. ഇതോടെ കച്ചവടക്കാരുടെ വരവ് കുറഞ്ഞു. ബാർബർഷോപ്പുകളിലെ മുടി പൊതുസ്ഥലത്ത് തള്ളിയാൽ തദ്ദേശ സ്ഥാപനങ്ങളിൽ പിഴ അടയ്ക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് ബാർബർഷോപ്പ് ഉടമകൾ സൗജന്യമായി മുടി എത്തിച്ചുനൽകാറുണ്ട്.
മണ്ണിന് ഇളക്കം കിട്ടും
തെങ്ങിനോട് ചേർത്ത് മുടിയിട്ട് അതിന് മുകളിൽ മണ്ണിട്ടു മൂടിയാൽ മണ്ണിന് ഇളക്കം കിട്ടും. പുതുവേരുകൾ പൊട്ടും. റബർതോട്ടങ്ങളിൽ ഉൾപ്പെടെ ഇത് ഫലപ്രദമാണ്. പ്ലാവ് ,നാരകം ,മാവ് എന്നിവ മികച്ച വിളവ് നൽകുന്നുണ്ടെന്ന് മുടി വളമായി പരീക്ഷിച്ച കർഷകനും കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് പറയുന്നു. മണ്ണിൽ അലിയാത്തതിനാൽ ചതുപ്പു നിലങ്ങളിൽ വെച്ച തെങ്ങിനും മറ്റും മുടി വളമായി ഉപയോഗിക്കാൻ കഴിയില്ല.
വിള കുത്തിമറിക്കില്ല!
മുടി വളമായി ഉപയോഗിക്കുന്നിടത്ത് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറില്ല. വിള കുത്തിമറിക്കാനെത്തുന്ന പന്നിയുടെ മൂക്കിൽ മുടി കയറുന്നതോടെ പന്നികൾ അസ്വസ്ഥരായി സ്ഥലം വിടുമെന്നാണ് കർഷകർ പറയുന്നത്. കിഴക്കൻ മേഖലകളിൽ കർഷകർ പന്നിയെ അകറ്റാൻ വിളകൾക്ക് ചുവട്ടിൽ തലമുടി വിതറാറുണ്ട്.
ഇനി വേണ്ടത്
1രാസവളങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ തലമുടി ജൈവ വളമായി തിരഞ്ഞെടുക്കാം
2 സർക്കാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകർക്കിടയിൽ ബോധവത്ക്കരണം നടത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |