SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.30 AM IST

പകർച്ചപ്പനിയിൽ പകച്ച് കോട്ടയം

fever

കോട്ടയം : പകൽ സമയം കഠിന ചൂട്, രാത്രിയിൽ തണുപ്പ്...കാലാവസ്ഥ വ്യതിയാനത്തിൽ ജില്ലയിൽ പകർച്ചപ്പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. സർക്കാർ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് നിരവധിപ്പേരാണ്. ഇതിന്റെ ഇരട്ടിയിലേറെ പേർ സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലുമായി ചികിത്സ തേടുന്നുണ്ട്. എത്തുന്നവരിൽ ഏറെ പേരെയും മരുന്നു നൽകി വിശ്രമത്തിനായി വീട്ടിലേക്ക് അയയ്ക്കുകയാണ്. പലരും സ്വയംചികിത്സയ്‌ക്ക് മുതിരുന്നത് രോഗം ഗുരുതരമാകാൻ ഇടയാക്കും. ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം, കൈകൾ സോപ്പിട്ട് കഴുകണം, മാസ്‌ക് ഉപയോഗിക്കണം. ചൂട് കൂടുന്നതിനാൽ നിർജ്ജലീകരണം, മൂത്രാണുബാധ, ചിക്കൻപോക്‌സ് തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്.

പ്രതിരോധ ശേഷി കുറഞ്ഞു

കൊവിഡിന് ശേഷം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞതും പനി പടരാൻ കാരണമായി. പനി മാറിയാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ക്ഷീണം മൂലം പലർക്കും ഓഫീസിൽ ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. പനി ഭേദമായ കുട്ടികളും ക്ഷീണിതരായാണ് സ്‌കൂളുകളിലെത്തുന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനിമാറിയാലും ചുമ ഭേദമാകാൻ രണ്ടാഴ്ച വരെ എടുക്കും. ആന്റിബയോട്ടിക്കിന് പുറമേ രക്തം, എക്സറേ പരിശോധനയ്ക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്. സാധാരണക്കാർക്ക് ചെലവ് താങ്ങാനാകില്ല.

പ്രതിസന്ധിയായി മരുന്നുക്ഷാമം

പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജാശുപത്രിയിൽ വരെ ആവശ്യത്തിന് മരുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഉയർന്ന വിലയുള്ള ജീവൻ രക്ഷാമരുന്ന് മിക്ക സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. പുറത്ത് മെഡിക്കൽഷോപ്പുകളിലേക്ക് കുറിച്ചു കൊടുക്കുകയാണ്.

ലക്ഷണങ്ങൾ ഇവ

നാലുദിവസത്തെ പനി

ഒരാഴ്ച നീളുന്ന തൊണ്ടവേദന

നാലാഴ്ച നീളുന്ന ചുമ

ജലദോഷം, ശ്വാസംമുട്ടൽ

''ഇൻഫ്‌ളുവൻസ വൈറസ് വക ഭേദമാണ് പകർച്ചപ്പനിയ്ക്ക് കാരണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ചാലും ചുമയും കുറുകലും മാറാൻ കാലത്താമസമെടുക്കും. കൊവിഡ് വന്നവർക്ക് നീണ്ടു നിൽക്കുന്ന ശ്വാസകോശ രോഗങ്ങൾ പ്രത്യേകതയാണ്. മരുന്നിനൊപ്പം വിശ്രമമാണ് അത്യാവശ്യം.
-ഡോ.ജോബിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL