SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

നെഹ്‌റു സ്റ്റേഡിയം നവീകരണം: കടയൊഴിയാൻ നോട്ടീസ് എങ്ങോട്ടെന്നറിയാതെ ഒരുകൂട്ടം വ്യാപാരികൾ

stdium
നാഗമ്പടം സ്റ്റേഡിയത്തിലെ ഗാലറികൾക്ക് താഴെയുള്ള കടമുറികൾ.

കോട്ടയം: സ്റ്റേഡിയം നവീകരണത്തിന് 66 കോടി രൂപയുടെ പദ്ധതി ഒരുങ്ങുമ്പോൾ ഒരുകൂട്ടം വ്യാപാരികൾ ധർമ്മസങ്കടത്തിലാണ്. നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ ഗാലറികൾക്ക് താഴെയുള്ള കടമുറികളിൽ കച്ചവടം നടത്തുന്നവരുടെ ഉപജീവനമാണ് പ്രതിസന്ധിയിലാകുന്നത്. നവീകരണത്തിന് മുന്നോടിയായി 15 ദിവസത്തിനകം കടകൾ ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസും വ്യാപാരികൾക്ക് ലഭിച്ചു. ആദ്യഘട്ടമായി ആറോളം സ്ഥാപനങ്ങൾക്കാണ് ഇന്നലെ മുതൽ നോട്ടീസ് നൽകിയത്. പകരം വ്യാപാരസൗകര്യം ഒരുക്കാതെ ഒഴിപ്പിക്കരുതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

വർഷങ്ങളായി അവഗണന
തലയ്ക്കുമീതെ എപ്പോൾ വേണമെങ്കിലും അടർന്നുവീഴാവുന്ന കോൺക്രീറ്റും പുറത്തുകാണുന്ന കമ്പികളുമായി ഭീതിയുടെ നിഴലിലാണ് നാഗമ്പടം സ്റ്റേഡിയം ഗാലറിക്ക് താഴെയുള്ള കടമുറികളും വ്യാപാരികളും. ഭിത്തികളും മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ചോർച്ചയും വെള്ളക്കെട്ടും മഴക്കാലത്ത് പ്രതിസന്ധി ഇരട്ടിയാക്കും. വാഹന വർക്ക്‌ഷോപ്പുകൾ, ഹെൽമറ്റ് കടകൾ, പെറ്റ് ഷോപ്പുകൾ, കൂൾബാറുകൾ, ഇരുചക്രവാഹനങ്ങളുടെ സെക്കൻഡ് സെയിൽ സ്ഥാപനങ്ങൾ, ആക്രിക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒഴിപ്പിക്കൽ നോട്ടീസ് കൂടി ലഭിച്ചതോടെ വ്യാപാരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഇവർ.

പുനരധിവാസം ഉറപ്പാക്കണം
15 ദിവസത്തിനകം കട ഒഴിയണമെന്ന നിർദേശം പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വ്യാപാരികൾ പറയുന്നു. സാധനങ്ങൾ മാറ്റുന്നതിനും മറ്റൊരു സ്ഥലം കണ്ടെത്തി വ്യാപാരം പുനരാരംഭിക്കുന്നതിനും കൂടുതൽ സമയം ആവശ്യമുണ്ട്. ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഗരസഭ പകരം സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

തിരുനക്കര ബസ് സ്റ്റാൻഡിലെ കടമുറികൾ ഒഴിപ്പിച്ചപ്പോഴുണ്ടായതുപോലുള്ള പ്രതിസന്ധി നാഗമ്പടത്തും ആവർത്തിക്കരുത്. (വ്യാപാരികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL