കോട്ടയം : ശബരിമല മണ്ഡല - മകരവിളക്ക് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ റെയിൽവേ രണ്ടുമാസം മുൻപ് ആരംഭിച്ചെന്നും, കഴിഞ്ഞതവണ ലഭിച്ചതിൽ കൂടുതൽ സൗകര്യങ്ങൾ ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളും സന്ദർശിക്കും. കൂടുതൽ ട്രെയിനുകൾ ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി സർവീസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും. ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും മതിയായ ടോയ്ലെറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ അധികൃതർ, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, ബി.ജെ.പി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരി, മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ടി.എൻ ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ്, ലാൽകൃഷ്ണ, കോട്ടയം മണ്ഡലം അദ്ധ്യക്ഷൻ വി.പി മുകേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |