കോട്ടയം, എരുമേലി ഡിപ്പോകലിൽ നിന്ന് ആദ്യഘട്ടത്തിൽ 50 ബസുകൾ
കോട്ടയം: ശബരിമല സീസൺ കാലത്ത് കൂടുതൽ വരുമാനം ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്കായി 50 ബസുകൾ എത്തിക്കാനാണ് തീരുമാനം. തിരക്ക് വർദ്ധിച്ചാൽ 20 ബസുകൾ കൂടി അധികമായി എത്തിക്കും.
കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, തിരുനക്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ ക്രമീകരിക്കുക. ജില്ലയിലേക്ക് ട്രെയിനുകളിൽ എത്തുന്ന തീർത്ഥാടകരിൽ വലിയൊരു വിഭാഗം കോട്ടയം റെയിൽവേ സ്റ്റേഷൻ വഴിയാണ് യാത്ര തുടരുന്നത്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ എല്ലാ സമയത്തും ബസുകൾ ക്രമീകരിക്കും. തീർത്ഥാടകർക്ക് എരുമേലിയിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള സർവീസുകളും ക്രമീകരിക്കും.
പ്രത്യേക കൗണ്ടറുകൾ
കോട്ടയം റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പ്രത്യേക കൗണ്ടറുകൾ ആരംഭിക്കും. വിവിധ ഡിപ്പോകളിൽ നിന്ന് അധിക ബസുകൾ എത്തിച്ചാകും സർവീസുകൾ ക്രമീകരിക്കുക. കഴിഞ്ഞ സീസണിൽ പരാതികളില്ലാതെ സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാനും ജീവനക്കാരുടെ അധിക അധ്വാനത്തിലൂടെ കൂടുതൽ വരുമാനം നേടാനും കഴിഞ്ഞിരുന്നു.
വരുമാനം ഇരട്ടിയിലേറെ
ശബരിമല സീസണിൽ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വർദ്ധനയുണ്ടായി. 2023ൽ 2.27 കോടി രൂപയായിരുന്നു വരുമാനം. 2024ൽ ഇത് 3.06 കോടി രൂപയായി ഉയർന്നു.
2025ൽ വരുമാനം (കോട്ടയം ഡിപ്പോ): 4.80 കോടി
തിരക്കിനനുസരിച്ച് ബസുകൾ ക്രമീകരിക്കും. ആവശ്യമായ യാത്രാസൗകര്യം ഉറപ്പാക്കും.
(കോട്ടയം ഡിപ്പോ അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |