കോഴിക്കോട്: തിരിമുറിയാതെ മഴ പെയ്യേണ്ട കർക്കടകം പിറന്നിട്ടും കോഴിക്കോട്ട് സൂര്യൻ ഉച്ചിയിൽ തന്നെ. പുലർച്ചെ മഴ കനത്തു പെയ്തെങ്കിലും 10 മണിയോടെ ചൂടുകൂടി. കഠിനമായ മഴയും തണുപ്പും അനുഭവപ്പെടേണ്ട ദിവസത്തിൽ പലരും വിയർത്തു കുളിച്ചു. ജൂൺ മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 22 ശതമാനത്തിന്റെ കുറവാണ് കോഴിക്കോട് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ 1380.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1076.9 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് 34 ശതമാനം മഴക്കുറവാണുള്ളത്.1020.2 മില്ലീമീറ്റർ ലഭിക്കേണ്ടപ്പോൾ 676.3 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്. മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂഗർഭ ജലനിരപ്പ് താഴുന്നത് കുടിവെള്ളം, ജലസ്രോതസുകൾ വറ്റി കടുത്ത ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.
ആശങ്കയോടെ
മഴ ലഭിക്കാതിരുന്നത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് കർഷകർ പറയുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ, പച്ചക്കറി വിളകൾക്ക് ആവശ്യമായ നനവ് ലഭിച്ചിട്ടില്ല. കടുത്ത ചൂടിൽ വാഴക്കുലകൾ മൂപ്പെത്തും മുമ്പ് ഒടിഞ്ഞുവീഴാനുള്ള സാദ്ധ്യതയും വർധിച്ചിട്ടുണ്ട്. രണ്ടാം കൃഷിക്കായി ഒരുങ്ങുന്ന നെൽപ്പാടങ്ങളിലും വെള്ളക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മണ്ണിലെ ഈർപ്പം കുറയുന്നത് നെൽച്ചെടികളുടെ വളർച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കും. തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കാർഷികവിളകളുടെ വളർച്ചയും ഉത്പ്പാദനവും കുറയും. കാലവർഷത്തിന്റെ തുടക്കത്തിൽ ലഭിച്ച ഇടവിട്ട മഴയ്ക്ക് ശേഷം കാര്യമായ മഴ ലഭിക്കാത്തതിനാൽ ജില്ലയിലെ കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടില്ല. പല കിണറുകളും വീണ്ടും വറ്റിത്തുടങ്ങി. ഇടവിട്ട് മഴപെയ്യുന്നത് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാഹചര്യവും സൃഷ്ടിക്കുകയാണ്. മണ്ണിലെ ഈർപ്പം കുറഞ്ഞതോടെ സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് തിരിച്ചടിയുണ്ടാകുമെന്നും പ്രകൃതിയുടെ സ്വാഭാവിക പച്ചപ്പ് നഷ്ടപ്പെടുന്നത് പരിസ്ഥിതിയെയും ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |