കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പാർട്ടിയെ ശക്തിപ്പെടുത്തി തിരുത്തി മുന്നോട്ടുപോകാൻ ലക്ഷ്യമിട്ട് നടത്തുന്ന സി.പി.എം ജില്ലാ വിപുലീകൃത യോഗത്തിന് കോഴിക്കോട് ആവേശോജ്ജ്വല തുടക്കം. വടകരയിൽനിന്നുള്ള പാർട്ടിയുടെ മുതിർന്ന നേതാവ് സി.ഭാസ്‌കരൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളവും കേന്ദ്രവും ഒന്നായെന്നും രണ്ടിടത്തും സംഘപരിവാർ നേതൃത്വം നൽകുന്ന സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് തോൽവികൊണ്ട് ഈ പാർട്ടി ഒലിച്ചുപോകുമെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കുള്ള തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പിണറായി കൂട്ടിച്ചേർത്തു.
ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ കമ്മിറ്റിയംഗങ്ങളും 16 ഏരിയകളിൽ നിന്നും വർഗ-ബഹുജന സംഘടനകളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ടവരുമടക്കം 125 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, പി.സതീദേവി, ടി.പി.രാമകൃഷ്ണൻ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.എ മുഹമ്മദ് റിയാസ്, സി.എൻ. മോഹനൻ, വി.ശിവൻകുട്ടി എന്നിവർ യോഗത്തിൽ മുഴുനീളം പങ്കെടുക്കുന്നുണ്ട്. യോഗത്തിന് തുടക്കം കുറിച്ച് സെക്രട്ടേറിയറ്റംഗങ്ങളായ എം.ഗിരീഷ് രക്തസാക്ഷി പ്രമേയവും കെ.കെ ദിനേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ടി.വിശ്വനാഥൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി, യു.സുധർമ എന്നിവർ അംഗങ്ങളായി പ്രസീഡിയവും മാമ്പറ്റ ശ്രീധരൻ, എൽ.രമേശൻ, കെ.പുഷ്പജ എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സെക്രട്ടേറിയറ്റംഗം സി.പി.മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി എം.മെഹബൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ച ആരംഭിച്ചു. പൊതു ചർച്ച ഇന്നും തുടരും. മറുപടിക്ക് ശേഷം വൈകീട്ട് യോഗം സമാപിക്കും.
സാമ്പത്തിക ജാഗ്രതപാലിക്കുന്നില്ല;
സ്വത്തുവിവരങ്ങൾ പുറത്തുവിടണം
കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതുപോലെ പാർട്ടി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്ന് കോഴിക്കോട്ടെ യോഗത്തിൽ വിമർശനം. ജില്ലാ സെക്രട്ടേറിയറ്റിലുള്ള നേതാവിന്റെ പേരടക്കം പറഞ്ഞ് സാമ്പത്തിക അച്ചടക്കം തിരുത്തലിന് പ്രധാനമാണെന്നും വിമർശനമുണ്ടായി. കോഴിക്കോട് നഗരത്തിൽ നിന്നുതന്നെയുള്ള ജില്ലാകമ്മറ്റി അംഗങ്ങളാണ് നേതാക്കൾക്കിടയിൽ സാമ്പത്തികമായ അച്ചടക്കം കുറവാണെന്നും വാർത്തകളിൽ അവർ പ്രത്യക്ഷപ്പെടുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുണ്ടെന്നും വിമർശനമുയർത്തിയത്. ജില്ലാ സെക്രട്ടറി അവതിരിപ്പിച്ച റിപ്പോർട്ടിൽ സ്വയം വിമർശനമില്ലെന്നും പരാജയം ജനങ്ങളുടേയും പാർട്ടി അണികളുടേയും മുകളിലിട്ടാൽ തിരിച്ചുവരവ് അസാദ്ധ്യമാണെന്നും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ കോഴിക്കോട്ടുണ്ടായ പരാജയം സംസ്ഥാന വ്യാപകമായുണ്ടായ ചലനമാണെന്നും വോട്ട് ഷെയർ പരിശോധിച്ചാൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെയാണെന്നും പരാമർശമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ 12സീറ്റ് നേടിയ എൽ.ഡി.എഫ് ഒരുസീറ്റിലേക്ക് ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമുയർന്നു.
@ സെക്രട്ടേറിയറ്റിലേക്ക് മൂന്നുപേർക്ക് സാദ്ധ്യത
നിലവിലെ ഒമ്പതംഗ സെക്രട്ടേറിയറ്റിൽ രണ്ട് ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. വടകരയിൽ നിന്നുള്ള മുതിർന്ന അംഗം സി.ഭാസ്കരനും സംസ്ഥാനകമ്മിറ്റി അംഗമായതിനാൽ കെ.കെ.ലതികയും ഒഴിഞ്ഞേക്കും. പകരം എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി.പി.ബിനീഷിനാണ് സാദ്ധ്യത കൂടുതൽ. നേരത്തെ സെക്രട്ടേറിയറ്റിലുണ്ടാവുകയും സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ പേരിൽ മാറ്റുകയും ചെയ്ത കൊയിലാണ്ടിയിൽ നിന്നുള്ള കെ.കെ.മുഹമ്മദ്, നേരത്തെ നടപടി നേരിടുകയും പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്ത വടകരയിൽ നിന്നുള്ള സി.ദിവാകരനെയും സെക്രട്ടേറിയറ്റിലേക്ക് എടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |