കോഴിക്കോട്: രണ്ടുദിവസം നീണ്ട വിപുലീകൃത ജില്ലാകമ്മിറ്റി അവസാനിച്ചപ്പോൾ കോഴിക്കോടിനെ തിരുത്തി തിരിച്ചുപിടിക്കുമോ എന്ന് പാർട്ടി പ്രവർത്തകരും അണികളും. പാലക്കാട് ജില്ലയിലുണ്ടായതുപോലെ വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അവസാനിച്ചെങ്കിലും ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ജില്ലയിലെ പ്രമുഖ നേതാക്കൾക്കുമൊക്കെ നിശിത വിമർശനം നേരിടേണ്ടിവന്നു. ജില്ലാസെക്രട്ടേറിയറ്റിലേക്ക് അഴിച്ചുപണിയുണ്ടാവുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. ജില്ലാക്കമ്മിറ്റിയിൽ കാനത്തിൽ ജമീലയുടെ ഒഴിവ് നികത്തിയും ഒമ്പത് ക്ഷണിതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തതു മാത്രമാണ് മാറ്റം.
പൊളിറ്റ് ബ്യൂറോ അംഗം പിണറായിവിജയന്റെ നിരീക്ഷണത്തിലായിരുന്നു യോഗമെങ്കിലും ജില്ലയിലെ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ യോഗം ഇഴകീറി പരിശോധിച്ചു. ജില്ലാ സെക്രട്ടറി വച്ച റിപ്പോർട്ട് പോലും അപൂർണമാണെന്നും സ്വയംവിമർശനം ഇല്ലാതായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാകമ്മറ്റി അംഗങ്ങളുമടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകളും നിലവിലെ സാമ്പത്തിക അവസ്ഥയും പരിശോധിക്കണമെന്നും വിമർശനമുണ്ടായി.
കേരളത്തിൽ സി.പി.എമ്മിന്റെ അടിത്തറ ഭദ്രമാക്കിയതിൽ ഏറ്റവും പ്രധാനമായിരുന്നു കോഴിക്കോട് ജില്ല. ഒരുകാലത്ത് രണ്ട് എം.പിമാരും 12 എം.എൽ.എമാരും ഉണ്ടായിരുന്നിടത്ത് ഇത്തവണ ബേപ്പൂരിലെ മുഹമ്മദ് റിയാസിന്റെ ഒറ്റ എം.എൽ.എയുടെ ബലം മാത്രം. എം.പി.മാരെ നഷ്ടമായിട്ട് കാലം കുറച്ചായി. പക്ഷെ കഴിഞ്ഞ ടേം വരെ 12 എം.എൽ.എമാരുണ്ടായിരുന്നു. പാർട്ടിയുടെ ഏറ്റവും പ്രബലമായ തട്ടകമെന്നറിയപ്പെടുന്ന വടകരയിൽ രണ്ട് ടേമായി കുലംകുത്തികളെന്ന് പിണറായിതന്നെ വിലയിരുത്തിയ ആർ.എം.പി.ഐയുടെ കൈയിൽ. മാത്രമല്ല രൂപീകരിച്ചത് മുതൽ കൂടെയുണ്ടായിരുന്ന ജില്ലാപഞ്ചായത്തും നഷ്ടമായി. കോർപ്പറേഷനിൽ കഷ്ടിച്ച് കടന്നുകൂടിയ സാഹചര്യം. ഇത്രയും കനത്ത പരാജയത്തിലേക്ക് ജില്ലമാറിയത് കോഴിക്കോട്ടെ നേതാക്കളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഇതിനൊരു മാറ്റം വേണമെന്നും തിരിച്ചുവരവിനുള്ള എല്ലാ നീക്കങ്ങളും വിപുലീകൃത ജില്ലകമ്മിറ്റിയോടെ ഉണ്ടാകുമെന്നാണ് അണികളുടെ പ്രതീക്ഷ. വിപുലീകൃത ജില്ലകമ്മിറ്റിയുടെ തുടർച്ചയായി ഇനി നടക്കാനുള്ളത് വിപുലീകൃത ഏരിയാകമ്മിറ്റികളും ലോക്കൽ കമ്മിറ്റികളുമാണ്. അതോടെ കാര്യങ്ങളെല്ലാം സുഗമമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ശക്തിപ്പെടുത്താൻ മെെക്രോപ്ളാൻ;
പാർട്ടി ക്ളാസുകൾ നവംബർ മുതൽ
@ന്യൂജെൻ തൊഴിൽ മേഖലകളിൽ ട്രേഡ് യൂണിയനുണ്ടാക്കും
കോഴിക്കോട്: പാർട്ടിയെ ശക്തിപ്പെടുത്താൻ മെെക്രോ പ്ളാനിംഗുമായി ജനങ്ങളിലേക്കിറങ്ങുമെന്ന് സി.പി.എം നേതാക്കൾ. ഓരോ സ്ഥലത്തെയും സാഹചര്യങ്ങൾ വിലയിരുത്തി സൂക്ഷ്മ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ സെക്രട്ടറി എം.മെഹബൂബ്, എ.പ്രദീപ്കുമാർ, പി.മോഹനൻ തുടങ്ങിയ നേതാക്കൾ പറഞ്ഞു. രണ്ടു ദിവസത്തെ വിപുലീകൃത ജില്ലാക്കമ്മിറ്റി സമാപനത്തെ തുടർന്നുള്ള വാർത്താസമ്മേളനത്തിലാണ് നേതാക്കൾ കർമ്മപരിപാടി വിശദീകരിച്ചത്.
കാലാനുസൃതമായ രീതിയിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടിയെ മാറ്റും. ബ്രാഞ്ച് മുതൽ ജില്ലാക്കമ്മിറ്റി വരെ ഇതിനുള്ള ക്രമീകരണം നടത്തും. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, പ്രൊഫഷണലുകൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെ പാർട്ടിയുമായി അടുപ്പിക്കും. പുതുതലമുറ തൊഴിൽമേഖലകളിൽ ട്രേഡ് യൂണിയനുകളുണ്ടാക്കും. കർഷകസംഘത്തിന്റെ പ്രവർത്തനം സജീവമാക്കും. കൃഷിക്കാരെ കാർഷികവൃത്തിയിലേക്ക് കൊണ്ടുവരാൻ പദ്ധതികളുണ്ടാക്കും.
മത്സ്യത്തൊഴിലാളികൂൾക്കിടയിൽ പ്രത്യേക ഇടപെടൽ നടത്തും. മതവിശ്വാസികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി കൂട്ടായ്മകൾ സംഘടിപ്പിക്കും. തീരദേശമേഖലയിൽ വർഗീയമായ വിഭജനമുണ്ടാക്കാനുള്ള ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയശക്തികളുടെ നീക്കങ്ങളെ ചെറുക്കാനും വിപുലീകൃത കമ്മിറ്റി തീരുമാനിച്ചു.
ജില്ലാക്കമ്മിറ്റിയിൽ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് താമരശ്ശേരിയിൽ നിന്നുള്ള കെ.ജമീലയെ ഉൾപ്പെടുത്തി. നാല് ഏരിയാക്കമ്മിറ്റി സെക്രട്ടറിമാരെ ക്ഷണിതാക്കളായി ജില്ലാക്കമ്മിറ്റിയിൽ ഉൾപ്പെടുത്തും. പി.കെ.ചന്ദ്രൻ (കൊയിലാണ്ടി), ടി.കെ.സുമേഷ് (ബാലുശ്ശേരി), പി.കെ.ഇ.ചന്ദ്രൻ (കക്കോടി), എം.അജയൻ (കോഴിക്കോട് ടൗൺ). വർഗ, ബഹുജന സംഘടനാ ഭാരവാഹികളായ ബാബു പറശ്ശേരി, ഇ.പ്രേംകുമാർ, യു.സുധർമ്മ, കെ.അരുൺ, ഡി.സി ഓഫീസ് സെക്രട്ടറി ടി.പി.കൃഷ്ണൻ എന്നിവരെയും ഉൾപ്പെടുത്തും.
നവംബർ, ഡിസംബർ മാസങ്ങളിലായി പാർട്ടി ക്ളാസുകൾ
റിപ്പോർട്ടുകളിന്മേൽ രണ്ട് മണിക്കൂർ ഗ്രൂപ്പ് ചർച്ചയും അഞ്ച് മണിക്കൂർ 18 മിനിറ്റ് പൊതുചർച്ചയുമുണ്ടായി. 35 പേർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ, വർഗ, ബഹുജന സംഘടനാ ഭാരവാഹികൾ പ്രത്യേകമിരുന്നായിരുന്നു ഗ്രൂപ്പ് ചർച്ച. സംഘടനാബോധവും പ്രത്യയശാസ്ത്ര നിലവാരവും ഉയർത്താൻ നവംബർ, ഡിസംബർ മാസങ്ങളിലായി മുഴുവൻ പാർട്ടി അംഗങ്ങൾക്കും ക്ളാസുകൾ നൽകും. കേന്ദ്ര-കേരള സർക്കാരിന്റെ ബ്ലൂ ഇക്കണോമി ഉൾപ്പെടെയുള്ള നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളികളുടെ യോജിച്ച പ്രതിരോധം ഉയർത്തിക്കൊണ്ടുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |