SignIn
Kerala Kaumudi Online
Thursday, 08 October 2026 4.23 AM IST

ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികൾ ദുരിതത്തിൽ

charcha-
വയനാട് മെഡിക്കൽ കോളേജിലെ ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങിയതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.കെ ജീവൻ ലാലുമായി നടത്തിയ ചർച്ച

മാനന്തവാടി: ഡയാലിസിസ് രോഗികൾ എല്ലാ മാസവും ചെയ്തുവരാറുള്ള ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. രോഗിയുടെ രക്ത പരിശോധന നടത്തുന്ന ബയോകെമിസ്ട്രി യന്ത്രം തകരാറിലായതിനെ തുടർന്നാണ് പരിശോധന മുടങ്ങിയത്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഈ യന്ത്രം കഴിഞ്ഞ രണ്ടുമാസമായി പ്രവർത്തിക്കുന്നില്ല. ഇതുവരെയായും ഇത് നന്നാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതോടെ ഇലക്‌ട്രോലൈറ്റ് പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രതിമാസം 600 രൂപയോളമാണ് രോഗികൾക്ക് ചെലവാകുന്നത്.

ആഴ്ചയിൽ ശരാശരി മൂന്ന് ദിവസത്തോളമാണ് സാധാരണ ഗതിയിൽ ഡയാലിസിസ് ചെയ്യേണ്ടിവരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ഓട്ടോറിക്ഷയ്ക്കും മറ്റും പണം കൊടുത്താണ് ആശുപത്രിയിലെത്തുന്നത്. ടെസ്റ്റുകൾ കൂടി സ്വകാര്യ ലാബുകളിൽ നിന്ന് ചെയ്യേണ്ടി വരുമ്പോൾ വലിയ സാമ്പത്തീക ബാദ്ധ്യതയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുണ്ടാകുന്നത്. 10000 രൂപ ചെലവഴിച്ച് സ്വകാര്യ ലാബുകളിൽ നിന്ന് പരിശോധന നടത്തിയവരുമുണ്ട്. ഇതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികളുടെ കൂട്ടിരിപ്പുകാരുൾപ്പെടെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മുന്നിൽ പ്രതിഷേധിച്ചു. സൂപ്രണ്ട് ഡോ. സി.കെ ജീവൻ ലാൽ, ആർ.എം.ഒ. ഡോ. ആർ.ജി. ഫെസിൻ എന്നിവരുമായി ചർച്ചനടത്തി. അടിയന്തിരമായി യന്ത്രതകരാർ പരിഹരിക്കുമെന്ന ഉറപ്പിൻ മേൽ പ്രതിഷേധം അവസാനിപ്പിച്ചു. നേതാക്കളായ കെ.ടി.വിനു, കെ.എം. അബ്ദുൽ ആസിഫ്, എ.കെ. റൈഷാദ്, സി.പി. മുഹമ്മാലി, ടി.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL