SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

സോഷ്യോ വാസു ഇനി ഓർമ്മ മൺമറഞ്ഞത് കോഴിക്കോടിന്റെ സ്വാതന്ത്ര്യ സമര ശബ്ദം

vasu
സോഷ്യോ വാസ്വേട്ടൻ കോഴിക്കോടിന്റെ നഗരവീഥികളിൽ

ഫറോക്ക്: തോളിൽ തുണിസഞ്ചിയും ഖദർ ജുബ്ബയും മുണ്ടും ധരിച്ച് കോഴിക്കോടൻ നഗരവീഥികളിൽ എപ്പോഴും കാണാറുണ്ടായിരുന്ന ചെറുവണ്ണൂർ പുതിയപറമ്പിൽ പി. വാസു (സോഷ്യോ വാസു) ഇനി ഓർമ്മ. വിട വാങ്ങിയത് കോഴിക്കോട്ടെ സ്വാതന്ത്ര്യസമരത്തിന്‌റെ ജ്വലിക്കുന്ന ഓര്‌മ. 1923 ജനുവരി 14ന് ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായി ജനിച്ച അദ്ദേഹം 18-ാം വയസിൽ കോൺഗ്രസ് നേതാവ് കെ.സി. കേശവൻ നായരുടെ അനുയായിയായാണ് രാഷ്ട്രീയരംഗത്തെത്തിയത്. ചെറുവണ്ണൂരിലെ പൊതുപ്രവർത്തനങ്ങളിൽ എക്കാലവും മുൻനിരയിലുണ്ടായിരുന്ന പി. വാസു നാട്ടുകാർക്ക് പിന്നീട് പ്രിയപ്പെട്ട ‘സോഷ്യോ വാസു’ ആയി. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ പി. വാസുവിന് ബ്രിട്ടീഷ് പൊലീസിന്റെ മർദനവും ജയിൽവാസവും നേരിടേണ്ടി വന്നു.
ആദ്യ ജയിൽവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ കാലത്താണ് ഫറോക്ക് പാലത്തിൽ സ്വാതന്ത്ര്യസമരഭടന്മാർ ബോംബുവച്ചത്. സ്വാതന്ത്ര്യ സമര സേനാനി കെ. കേളപ്പന്റെ മകൻ കുഞ്ഞിരാമക്കിടാവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്ത ഒരു കൂട്ടം സാഹസികരായ യുവാക്കളായിരുന്നു ഇതിന് പിന്നിൽ. തുടർന്ന് മുൻകരുതലിന്റെ ഭാഗമായി 14 പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടിയെടുത്തു. പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ വാസു മദ്രാസിലേക്ക് വണ്ടികയറി. ഒമ്പതുമാസത്തോളം ഒളിവിൽ കഴിഞ്ഞു.

സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസ് നിലപാടുകളോട് യോജിക്കാൻ കഴിയാതെ വന്നതോടെ വാസുവും സഹപ്രവർത്തകരും ജയപ്രകാശ് നാരായണനിൽ നിന്ന് സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചു. 1962ൽ ഡോ. രാംമനോഹർ ലോഹ്യ കൽപ്പറ്റ സന്ദർശിച്ചപ്പോൾ നടന്ന സമ്മേളനത്തിലും ജാഥയിലും വാസു പങ്കെടുത്തു.1959ൽ സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ആർ.എം. മനയ്ക്കലാത്തിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കളക്ടറേറ്റ് പിക്കറ്റ് ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ വാസു രണ്ടുമാസം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 1968ൽ കോഴിക്കോട് കളക്ടറേറ്റ് പിക്കറ്റ് ചെയ്തതിനും 1976ലെ അടിയന്തരാവസ്ഥക്കാലത്ത് ഫറോക്ക് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തതിനും തടവിലാക്കപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളുടെ സംഘടനകൾക്കു പുറമെ ഗാന്ധി പീസ് ഫൗണ്ടേഷൻ, സർവോദയ മണ്ഡലം, ശാന്തി ഗുരുകുളം ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സാമൂഹിക സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു.

ആനുകൂല്യങ്ങൾ നിരസിച്ച മാതൃകാ ജീവിതം

രാജ്യത്തിനുവേണ്ടി പോരാടിയതിന് പ്രതിഫലം വാങ്ങാൻ അദ്ദേഹം തയ്യാറായില്ല. 1951-ൽ മദ്രാസ് പ്രസിഡൻസി സ്വാതന്ത്ര്യ സമര സേനാനികൾക്കായി വാഗ്ദാനം ചെയ 10 ഏക്കർ ഭൂമിയും 2,000 രൂപയും അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താൻ പോരാടിയതെന്നും ഭൗതിക നേട്ടങ്ങൾക്കല്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് വലിയ മാതൃകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL