SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

വില കൂടി പക്ഷേ വിള വേണ്ടേ? കുരുമുളക് ഉത്പ്പാദനം കുറഞ്ഞതോടെ കർഷകർക്ക് തിരിച്ചടി

kuru
കുരുമുളക്

കോഴിക്കോട്: കറുത്ത പൊന്നിന്റെ വില കുതിക്കുമ്പോഴും ഉത്പ്പാദനം കുറയുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കുരുമുളക് നാടന് 68,000 രൂപയും ചേട്ടന് 69,000 രൂപയും വയനാടൻ ബോൾഡിന് 73,000 രൂപയുമാണ് ക്വിന്റലിന് വില. വില കൂടുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ പ്രതിസന്ധിയിലാണ് കർഷകർ. ദ്രുതവാട്ടം പോലുള്ള രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് ഉത്പ്പാദനം കുറയാൻ പ്രധാന കാരണം. 2005- 06 കാലയളവിൽ 2.37 ലക്ഷം ഹെക്ടറിലാണ് കോഴിക്കോട് ജില്ലയിൽ കുരുമുളക് കൃഷി ഉണ്ടായിരുന്നത്. ഈ വർഷം അത് 7,000 ഹെക്ടറിലേക്ക് കുറഞ്ഞു. ഉത്പ്പാദനം 87,000 ടണ്ണിൽ നിന്ന് 21,714 ടൺ ആയി കുറഞ്ഞു. 20 വർഷത്തെ കണക്കെടുത്താൽ ഒന്നര ലക്ഷം ഹെക്ടറിലെ കൃഷിയാണ് ഇല്ലാതായത്. ഹെക്ടറിൽ 422 കിലോ ആയിരുന്നു മുൻവർഷത്തെ ഉത്പ്പാദനം. ഇത്തവണ 311 കിലോയായി കുറഞ്ഞു. മിക്ക കർഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയിൽ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉത്പ്പാദനത്തിൽ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വൻ ഇടിവും കുരുമുളക് വിലവർദ്ധനയ്ക്ക് കാരണമായി. ആഭ്യന്തര വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികളും പറയുന്നു.

അതേസമയം, അടുത്ത സീസണിൽ ഉത്പ്പാദനം വർദ്ധിക്കാൻ ഇടയുണ്ടെന്നാണ് സുഗന്ധവിള ഗവേഷണ രംഗത്തെ സ്ഥാപനങ്ങൾ പറയുന്നത്. ചന്ദ്ര എന്ന അത്യുത്പ്പാദനശേഷിയുള്ള കുരുമുളക് തൈകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.കൂടുതൽ കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട കൃഷി തുടരാൻ ലൈസൻസ് നൽകിയിട്ടുണ്ട്. ഹെക്ടറിൽ 2500 കിലോയലധികം വിളവ് പുതിയ തൈകളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു


മഴ വൈകി, ചൂടും; തിരി കൊഴിയുന്നു

ചൂട് കൂടിയതോടെ കുരുമുളക് ചെടികളിലെ തിരികളെല്ലാം കൊഴിഞ്ഞുതീരുന്നുവെന്ന് കർഷകർ. പുതുമഴയിൽ തന്നെ മണ്ണുനനഞ്ഞ് ചെടികളിൽ പുതിയ നാമ്പുകളും തിരികളുമുണ്ടാകുന്ന പതിവ് ഇത്തവണയുണ്ടായില്ല.ഇക്കൊല്ലം വീട്ടാവശ്യത്തിനുള്ള കുരുമുളക് പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് കർഷകർ. കാലവർഷം വൈകിയതനുസരിച്ച് പുതിയ തൈനടീലും വൈകിയിരുന്നു. നട്ടതൈകളുടെ കാര്യവും അവതാളത്തിലായി. ജലസേചന സംവിധാനമുള്ളവർ നനച്ച് കൃഷി ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം കരിഞ്ഞുണങ്ങുമെന്ന അവസ്‌ഥയിലാണെന്നും കർഷകർ പറയുന്നു.

"നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിലാണ് സാധാരണയായി കുരുമുളക് വിളവെടുപ്പ്. നേരത്തെ ലഭിച്ചതിന്റെ പകുതിപോലും കുരുമുളക് തോട്ടത്തിൽ നിന്ന് ലഭിക്കുന്നില്ല"

- ദാമോധരൻ.എൻ

കർഷകൻ,കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL