കോടതിയിൽ വിവരം നൽകിയില്ലെന്നും ആക്ഷേപം
താമരശ്ശേരി: വിവാദ കോഴിയറവു മാലിന്യ സംസ്‌കരണ ഫാക്ടറിയായ ഫ്രഷ് കട്ട് പ്രവർത്തിക്കുന്നത് തോട്ട ഭൂമിയിൽ തന്നെയെന്ന് രേഖകൾ. ആധാരത്തിന്റെ പകർപ്പ് പുറത്ത്. നാലായിരത്തിലധികം കുടുംബങ്ങളെ ആരോഗ്യപരമായി ബാധിക്കുന്ന തരത്തിലാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. വിവരാവകാശ നിയമപ്രകാരം തിരുവമ്പാടി സബ് രജിസ്ട്രിയിൽ നിന്നാണ് നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന വെെസ് പ്രസിഡന്റ് എ.എം സെയ്തലവി, ഈ സ്ഥാപനം നിലനിൽക്കുന്നത് തോട്ട ഭൂമിയിലാണ് എന്നതിന്റെ രേഖകൾ ശേഖരിച്ചത്. തോട്ടഭൂമിയാണെന്ന റിപ്പോർട്ട് റവന്യൂ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിക്കാത്തതിനാൽ കേസിൽ അന്തിമവിധി നീളുകയാണ്. നിയമ വഴിയിലൂടെ സർക്കാർ നടപടിയെടുക്കാത്തതാണ് കോഴിയിറച്ചിയും മാലിന്യ സംസ്‌കരണ കമ്പനിയും ഇത്രയും കാലം പ്രവർത്തിക്കുന്നതിന് കാരണമെന്ന് സെയ്തലവി ആരോപിച്ചു. എം.എൽ.എമാരായ പി.കെ ഫിറോസ്, സി.കെ കാസിം, എം.എ റസാക്ക് എന്നിവർക്ക് പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും സെയ്തലവി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിൽ ഫ്രഷ് കട്ട് ഫാക്ടറി അടയ്ക്കേണ്ട റോയൽറ്റി തുകയും അടച്ചിട്ടില്ല. മാലിന്യം ശേഖരിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷനും ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഫ്രഷ് കട്ടിന് നിലവിൽ എഗ്രിമെന്റുകളുണ്ട്. ഇറച്ചിക്കടകളിൽ നിന്നും ഒരു കിലോ വേസ്റ്റ് ഏഴു രൂപ നിരക്കിൽ ശേഖരിക്കുമ്പോൾ, അതിൽ നിന്നും 30 പൈസ വീതം തദ്ദേശ സ്ഥാപനങ്ങൾക്ക് അടയ്ക്കണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ ഇതുവരെ ഒരു രൂപ പോലും ഇത്തരത്തിൽ ഇവർ സർക്കാരിലേക്ക് അടച്ചിട്ടില്ലെന്ന് സുബെെർ വെഴുപ്പൂർ ശേഖരിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
കണക്ക് നൽകുന്നതിലും വീഴ്ച
കോഴിക്കോട് കോർപ്പറേഷനിൽ കണക്ക് കൊടുക്കുന്നതിലും കമ്പനി വീഴ്ച വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ വെറും 19 മാസത്തെ കണക്ക് മാത്രമാണ് കമ്പനി കോർപ്പറേഷന് നൽകിയിട്ടുള്ളത്. ഈ ചുരുങ്ങിയ കാലയളവിൽ മാത്രം ഏകദേശം 42 ലക്ഷത്തോളം രൂപയാണ് കോർപ്പറേഷന് നൽകാനുള്ളത്. മാർച്ച് 31ന് ശേഷം കമ്പനി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |