SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

മെഡി.കോളേജിൽ പുതിയ ബേൺസ് യൂണിറ്റ് പൊള്ളിയാൽ ഇനി പരക്കം പായേണ്ട

fire
ബേൺസ് യൂണിറ്റ്

കോഴിക്കോട്: പൊള്ളലിന്റെ നീറ്റലുമായി വിദഗ്ദ്ധ ചികിത്സയ്ക്കായി ഇനി നെട്ടോട്ടമോടേണ്ട. മെഡിക്കൽ കോളേജിൽ അത്യാധുനിക ബേൺസ് യൂണിറ്റ് സജ്ജമാകുന്നു. യൂണിറ്റിലേക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ തുടങ്ങി. നേരത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തിച്ചിരുന്ന വാർഡ് 25 വിപുലപ്പെടുത്തിയാണ് ബേൺസ് യൂണിറ്റ് ഒരുക്കിയത്. പൊള്ളലേറ്റ രോഗികൾക്ക് അടിയന്തര ചികിത്സ മുതൽ ശസ്ത്രക്രിയയും പുനരധിവാസവും ഒരിടത്ത് ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സെൻട്രൽ ഡിസൈൻ ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് യൂണിറ്റിന്റെയും അനുബന്ധ വാർഡുകളുടെയും രൂപകൽപ്പന. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.

 അണുബാധ തടയാൻ ആധുനിക സംവിധാനം

പൊള്ളലേറ്റവരിൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ചികിത്സാ സൗകര്യങ്ങൾ അതീവ ജാഗ്രതയോടെയാണ് ഒരുക്കുന്നത്. അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ, ബേൺസ് ഒ.പി, പൊള്ളലേറ്റ രോഗികളെ കഴുകി വൃത്തിയാക്കുന്നതിനുള്ള പ്രത്യേക കുളിമുറി, ഡ്രസിംഗ് മുറികൾ, നഴ്സിംഗ് സ്റ്റേഷൻ എന്നിവ യൂണിറ്റിലുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇരുവിഭാഗം വാർഡുകളിലും നാല് ബെഡ് വീതവും ഐ.സി.യുവിൽ നാല് ബെഡുകളുമാണുള്ളത്.

നിലവിൽ മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റിക്ക് മുകളിൽ പ്രവർത്തിക്കുന്ന ബേൺസ് ഐ.സി.യുവിൽ ആറ് ബെഡുകൾ മാത്രമാണുള്ളത്. പുതിയ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ചികിത്സാ സൗകര്യങ്ങളും ബെഡ് ശേഷിയും വർദ്ധിക്കും.

ജീവനക്കാരെ വേണം

അത്യാധുനിക സൗകര്യങ്ങളുള്ള യൂണിറ്റ് ഒരുങ്ങുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും ലഭ്യമാക്കുക എന്നത് പ്രധാന വെല്ലുവിളിയാണ്. നിലവിൽ ബേൺസ് ചികിത്സയ്ക്കായി പ്രത്യേകമായി ഡോക്ടർമാരെ സർക്കാർ അനുവദിച്ചിട്ടില്ല. നിലവിലെ യൂണിറ്റിൽ നാല് നഴ്സിംഗ് അസിസ്റ്റന്റുമാരും അഞ്ച് നഴ്സിങ് ഓഫീസർമാരുമാണുള്ളത്. പുതിയ യൂണിറ്റ് പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് മൂന്ന്ഡോക്ടർമാരെങ്കിലും ആവശ്യമാണ്.

ബേൺസ് യൂണിറ്റ് 67 മെഡിക്കൽ കോളേജുകളിൽ

പൊള്ളലേറ്റുള്ള മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധവും ചികിത്സയും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കിയ പൈലറ്റ് പദ്ധതിയായ എൻ.പി.പി.എം.ബി.ഐയുടെ ഭാഗമായാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും ബേൺസ് യൂണിറ്റ് ഒരുക്കുന്നത്. രാജ്യത്തെ 67 മെഡിക്കൽ കോളേജുകളിലാണ് പദ്ധതി നടപ്പാക്കിയത്.

''പൊള്ളലേറ്ര് എത്തുന്ന രോഗികളുടെ എണ്ണം മുൻവർഷങ്ങളേക്കാൾ കുറ‌ഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗികൾക്ക് അനുസരിച്ചുള്ള ജീവനക്കാരെ നിയോഗിക്കാൻ ആശുപത്രി വികസന സമിതിയിൽ (എച്ച്.ഡി.എസ്) തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റ് സജ്ജമാകുന്നതോടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകും''- ഡോ.എം.പി ശ്രീജയൻ, സൂപ്രണ്ട്, മെഡിക്കൽ കോളേജ്, കോഴിക്കോട്.

ചെലവ്

2 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL