SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

ഫണ്ടിലുടക്കി പുതിയ ടാഗോർ ഹാൾ, പൊളിച്ച ആവേശം പണിയാനില്ല !

ta
പുതിയ ടാഗോർ ഹാൾ പണിയാനായി പഴയ ടാഗോർ ഹാൾ പൊളിച്ചുനീക്കിയ സ്ഥലം

കോഴിക്കോട്: കോർപ്പറേഷൻ കൗൺസിൽ പച്ചക്കൊടി കാട്ടിയിട്ടും വായ്പാ തുക ലഭിക്കുന്നതിലെ കാലതാമസം പുതിയ ടാഗോർ ഹാളെന്ന സ്വപ്നത്തിന് തിരിച്ചടിയാവുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി) നിന്ന് 49 കോടി രൂപ വായ്പയെടുക്കാനായിരുന്നു തീരുമാനം. അപേക്ഷ നൽകി ഒരു വർഷമാ യിട്ടും പാസായ തുക ലഭിക്കാത്ത സ്ഥിതിയാണ്. അതിനിടെ സ്വകാര്യ ഏജൻസിയിൽനിന്ന് 60 കോടി രൂപ വായ്പയെടുക്കാനുള്ള സാദ്ധ്യത കോർപ്പറേഷൻ പരിശോധിക്കുന്നുണ്ട്. ഒരുകാലത്ത് നഗരത്തിലെ പ്രധാന കലാ-സാംസ്കാരിക വേദിയായിരുന്ന ടാഗോർ ഹാൾ ഇപ്പോൾ മാലിന്യശേഖരണ കേന്ദ്രമാണ്. കോർപ്പറേഷന്റെ ഉപയോഗ ശൂന്യമായ വാഹനങ്ങളും ആക്രിസാധനങ്ങളുമാണ് ഇവിടെ. പരിസരം കാടുപിടിച്ച നിലയിലുമാണ്. ‘അഴക്’ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച മാലിന്യക്കണ്ടെയ്നറുകൾ നിറഞ്ഞതോടെയാണ് മാലിന്യച്ചാക്കുകൾ ടാഗോർ ഹാൾ വളപ്പിലേക്ക് എത്തിത്തുടങ്ങിയത്.

 പൊളിച്ചിട്ട് വർഷം ഒന്ന്

1973 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ടാഗോർ ഹാൾ കാലപ്പഴക്കവും ചോർച്ചയും മൂലം 2023 ഓടെ അടച്ചിടുകയും 2025 ഒക്ടോബറോടെ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി. 7.6 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ കെട്ടിടം പൊളിച്ചത്. കെട്ടിടത്തിന്റെ വിശദമായ പദ്ധതി രേഖ പൂർത്തിയായതാണ്. ഡി -​ എ​ർ​ത്താ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്. 67.75 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് പുതിയ ടാഗോർ ഹാൾ സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. 2000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനി ഹാൾ, മൾട്ടിപ്ലക്സ് തിയറ്റർ, പുസ്തകശാല, കോഫി ഷോപ്പ്, ഡൈനിംഗ് ഹാൾ, ആധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങൾ തുടങ്ങിയവ പദ്ധതിയിലുണ്ട്. 500 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാളും വിഭാവനം ചെയ്തിട്ടുണ്ട്.

 വേദികളേറെ, കീശ കീറും

അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലുകൾ ഉൾപ്പെടെ നിരവധി കലാ- സാംസ്കാരിക പരിപാടികൾക്ക് വേദിയായിരുന്ന ടാഗോർ ഹാൾ ഇല്ലാതായതോടെ കുറഞ്ഞ ചെലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ നഗരത്തിൽ സൗകര്യം ഇല്ലാതായി. അന്താരാഷ്ട്ര സാഹിത്യനഗരമെന്ന നിലയിൽ കോഴിക്കോട് കൂടുതൽ ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളുള്ള ടാഗോർ ഹാൾ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

''ഫണ്ട് ലഭിക്കാനുള്ള എല്ലാവിധ നടപടികളും ചെയ്തിട്ടുണ്ട്. ലഭിച്ചു കഴി‌ഞ്ഞാൽ ഉടൻ പ്രവൃത്തി ആരംഭിക്കും''- കെ.എൻ. ബിജോയ്‌ (കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL