കോഴിക്കോട്: മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ പുതിയ എ.സി ബസുകളിൽ പലതും കട്ടപ്പുറത്തായതോടെ കെ.എസ്.ആർ.ടി.സി ഭീമമായ നഷ്ടത്തിൽ. സർവീസ് നടത്താൻ വേണ്ടത്ര ബസുകളില്ലാതെ കോഴിക്കോട് ഡിപ്പോ അധികൃതരും ബുദ്ധിമുട്ടുകയാണ്.
ഉള്ള ബസുകളിൽ നല്ല തിരക്കുമാണ്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സർക്കാരിനുണ്ടാക്കുന്ന നഷ്ടത്തിന് പുറമെയാണിത്. കാലങ്ങളായി നഷ്ടത്തിലുള്ള കെ.എസ്.ആർ.ടി.സിക്ക് ബസുകൾ കട്ടപ്പുറത്താവുന്നതിനെ തുടർന്നുള്ള നഷ്ടവും താങ്ങാനാവാത്ത സ്ഥിതിയാണ്. ബോഡി വർക്കുകൾ വരെ പൂർത്തീകരിച്ചുവെന്ന് അവകാശപ്പെടുന്ന പുതിയ ബസുകളാണ് പല ഡിപ്പോകളിലും റോഡിലിറക്കാൻ കഴിയാതെ കിടക്കുന്നത്. സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകളിൽ പലതും ആഴ്ചകളായി കട്ടപ്പുറത്തുമാണ്. സൂപ്പർഫാസ്റ്റ്, പ്രീമിയം ബസുകളും ഇവയിലുണ്ട്. കോഴിക്കോട് ഡിപ്പോയിലെ നാല് പുതിയ എ.സി ബസുകൾ കട്ടപ്പുറത്താണ്. കോഴിക്കോട് ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് പ്രീമിയം വിഭാഗത്തിൽ പെടുന്ന രണ്ട് ബസുകൾ മാസങ്ങളായി വർക്ക് ഷോപ്പിൽ കിടക്കുകയാണ്. എ.സി ബസുകൾ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി സർവീസ് നിറുത്തിയതോടെ കോഴിക്കോട് ഡിപ്പോയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ ബസുകളില്ലാത്ത സ്ഥിതിയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകിയോ നോൺ എ.സി സൂപ്പർ ഡീലക്സ് ബസുകളിൽ കയറ്റി അയക്കുകയോ ചെയ്താണ് തത്കാലം പ്രശ്നം പരിഹരിക്കുന്നത്. ഇപ്പോൾ ഗരുഡ ബസുകളിൽ പലതും കേടുവന്നിട്ടുണ്ടെന്നാണ് വിവരം. സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ സംസ്ഥാനത്തെ പല ഡിപ്പോകളിലും അറ്റകുറ്റപ്പണി പൂർത്തിയാവാതെ കിടക്കുന്നുണ്ടെന്നും പറയുന്നു. കമ്മിഷൻ മാത്രം ലക്ഷ്യം വച്ച് ബസുകൾ വാങ്ങിക്കൂട്ടിയതാണ് വിനയായതെന്നും ആക്ഷേപമുണ്ട്.
തകരാറിലായി സൂപ്പർ ഡീലക്സുകളും
പല സംസ്ഥാനങ്ങളും വാങ്ങാൻ വിസമ്മതിച്ച ബസുകൾ കെ.എസ്.ആർ.ടി.സി വാങ്ങിയെന്നും ആരോപണമുണ്ട്. ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം അടക്കമുള്ള സൂപ്പർ ഡീലക്സ് ബസുകൾ രണ്ടുവർഷം തികയുന്നതിന് മുമ്പേ കേടുവന്നു. കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവ കേരള ബസ് ഇടയ്ക്കിടെ കേടാവുന്നുണ്ടത്രേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |