SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

തെങ്ങോലയിൽ കൈവിരുതിന്റെ വേറിട്ട ലോകം; രവീന്ദ്രൻ നമ്പിയേരിക്കിത് ജീവിതവഴി

raveendran
രവീന്ദ്രൻ നമ്പിയേരി തെങ്ങോല ഉത്പ്പന്നങ്ങൾക്കൊപ്പം

കോഴിക്കോട്: ഒരു തൊപ്പി ഉണ്ടാക്കുന്നത് കണ്ട കൗതുകം. വീട്ടിലെത്തിയപ്പോൾ അതുപോലെയൊന്ന് ഉണ്ടാക്കാനുള്ള ശ്രമം. ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കാതെ കൂടെക്കൂട്ടിയപ്പോൾ പയ്യോളി മണിയൂർ സ്വദേശി രവീന്ദ്രൻ നമ്പിയേരിക്ക് മുന്നിൽ തുറന്നത് വേറിട്ടൊരു ജീവിതവഴി. ഇന്ന് തെങ്ങോല മുറിച്ചും മടക്കിയും നെയ്തും പല രൂപങ്ങളാക്കി മാറ്റുന്ന കരകൗശല വിദഗ്ദ്ധനാണ് ഈ 59കാരൻ.
ഇലക്ട്രീഷ്യനും പ്ലംബറുമായി ജോലിചെയ്തിരുന്ന രവീന്ദ്രന് കരകൗശല നിർമാണത്തിൽ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിട്ടില്ല. കണ്ടും പരീക്ഷിച്ചും പഠിച്ചതാണ്. തൊപ്പിയിൽ തുടങ്ങിയ പരീക്ഷണം പിന്നീട് പൂക്കുട, ഫ്ളവർവേസ്, ബൊക്കെ, ബാഡ്ജ് തുടങ്ങിയ ചെറിയ വസ്തുക്കളിലേക്കും അവിടെ നിന്ന് ഗേറ്റുകൾ, സെൽഫി കോർണറുകൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ വലിയ അലങ്കാരങ്ങളിലേക്കും വളർന്നു. ഒടുവിൽ പഴയ ജോലി ഉപേക്ഷിച്ച് തെങ്ങോല തന്നെ ജീവിതമാർഗമാക്കി. കുരുത്തോലയും പച്ചോലയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. പച്ചപ്പും വഴക്കവുമുള്ളതിനാൽ നെയ്തും മടക്കിയും ആവശ്യാനുസരണം രൂപപ്പെടുത്താൻ ഇവ അനുയോജ്യമാണ്. രണ്ട് പതിറ്റാണ്ടിനിടെ തെങ്ങോല കൊണ്ട് തീർത്ത വസ്തുക്കൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും സ്ഥിരമായി ഓർഡറുകൾ ലഭിക്കുന്നുണ്ട്.

എന്നാൽ തന്റെ കല തുടരാൻ ആവശ്യമായ തെങ്ങോല കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി. തെങ്ങുകയറ്റക്കൂലി വർദ്ധിച്ചതും ആവശ്യത്തിന് കൂമ്പോല ലഭിക്കാത്തതുമാണ് കാരണം. ഒടുവിൽ കർണാടകയിൽനിന്നാണ് ആവശ്യമായ ഓല എത്തിക്കുന്നത്.
ഓല കിട്ടിയാൽപിന്നെ രവീന്ദ്രന്റെ കൈകളിൽ അത് പല രൂപങ്ങളായിമാറും. കേരളത്തിലെ പൊതുപരിപാടികൾക്കും സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾക്കും ആവശ്യാനുസരണം സ്ഥലത്തെത്തിയാണ് അലങ്കാരങ്ങൾ ഒരുക്കുന്നത്. പ്ലാസ്റ്റിക്കും തെർമോകോളിനും പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കണമെന്ന ആഗ്രഹമുള്ളവർക്കും രവീന്ദ്രൻ നിർമ്മിക്കുന്ന തെങ്ങോല ഉത്പ്പന്നങ്ങൾക്ക്

ആവശ്യക്കാരേറെയാണ്. താൻ പഠിച്ചെടുത്ത അറിവ് തന്നിൽ മാത്രം ഒതുങ്ങരുതെന്ന ആഗ്രഹവും രവീന്ദ്രനുണ്ട്. തെങ്ങോല കരകൗശലത്തിന്റെ അടിസ്ഥാനപാഠങ്ങൾ പരിചയപ്പെടുത്താൻ വിവിധ സ്കൂളുകളിൽ ക്യാമ്പുകളും ക്ലാസുകളും നടത്തി. കൂടുതൽ കുട്ടികൾ ഈ കല പഠിച്ചാൽ മാത്രമേ വരുംതലമുറയിലേക്ക് ഇത് കൈമാറാൻ കഴിയൂവെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഭാര്യ ഗീതയും മക്കളായ അനന്തുവും അഭിനന്ദുമടങ്ങുന്നതാണ് രവീന്ദ്രന്റെ കുടുംബം.

കേരളത്തിൽ ആവശ്യത്തിന് തെങ്ങോല ലഭിക്കാത്തത് വലിയ പ്രയാസമാണ്. മൂന്ന് മീറ്റർ നീളമുള്ള ഒരു ഓലയ്ക്ക് 500 രൂപ വരെയാണ് വില. കർണാടകത്തിൽ നിന്നാണ് ഇത് വാങ്ങുന്നത്.

- രവീന്ദ്രൻ നമ്പിയേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL