SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

വയനാട് പുനരധിവാസ പദ്ധതി നടപടികൾ ത്വരിതപ്പെടുത്തും: മുസ്ലിംലീഗ്

മലപ്പുറം: വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ത്വരിതപ്പെടുത്താൻ മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും വയനാട് ഉപസമിതി അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കാലവിളംബം കൂടാതെ ഭവന നിർമ്മാണം ആരംഭിക്കും. സർക്കാർ ടൗൺഷിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ പ്രായോഗികത വിലയിരുത്താൻ പാർട്ടി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഗവൺമെന്റുമായി ചർച്ച നടത്താനും അതിന് ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.വയനാട് ഉരുൾപൊട്ടലിന്റെ ആഘാതം അനുഭവിച്ചവർ മാസങ്ങളായി ദുരിതത്തിലാണ്. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ഇപ്പോൾ വാടക വീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. ഇതുസംബന്ധമായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.

ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികൾ ആലോചിക്കാനും തീരുമാനിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിലമ്പൂരിൽ നിർമ്മിച്ച 10 വീടുകളുടെ താക്കോൽദാന പരിപാടി ഈ മാസം 29ന് നടത്താനും തീരുമാനിച്ചു. രാവിലെ 11 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവ്വഹിക്കും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, അബ്ദുറഹ്മാൻ കല്ലായി, സി.പി ബാവ ഹാജി, ടി.എം സലിം, സി.എച്ച് റഷീദ്, സി.പി സൈതലവി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി. മമ്മൂട്ടി, കെ.എം ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമൻ എന്നിവരും വയനാട് ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, അംഗങ്ങളായ ടി. മുഹമ്മദ് വയനാട്, പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ ചർച്ചയിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL