SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

മോഷണം കേസിലെ പ്രതി പിടിയിലായപ്പോൾ തെളിഞ്ഞത് മോങ്ങത്തെ വധശ്രമ കേസ്

കൊണ്ടോട്ടി: തുറക്കലിൽ ജനുവരി ആദ്യവാരം ആൾതാമസമില്ലാത്ത വീട്ടിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയപ്പോൾ തെളിഞ്ഞത് മോങ്ങത്ത് വധശ്രമക്കേസും. മൂവാറ്റുപുഴ പേഴക്കപ്പിള്ളി പാണ്ടിയാരപ്പിള്ളി നൗഫൽ (39) എന്ന പാപ്പൻ നൗഫലാണ് അറസ്റ്റിലായത്.

2024 ഒക്ടോബർ 21നാണ് മോങ്ങം സ്വദേശി അധിയാരത്ത് പറമ്പിൽ സെയ്തലവിക്ക് (50) സ്വന്തം വീട്ടുമുറ്റത്ത് നിന്നും അജ്ഞാതന്റെ മഴുകൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിൽ ഗുരുതരമായ പരിക്കേറ്റത്.പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല.

തുറക്കലിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പിൻവശത്തെ വാതിലിന്റെ അടിഭാഗം മഴുകൊണ്ട് കുത്തി തുറന്ന് മൂന്ന് വാച്ചും മൊബെൽ ഫോണും മൂവായിരം രൂപയും മോഷ്ടിച്ച കേസിൽ അവിടെ നിന്നും ലഭിച്ച വിരലടയാളമാണ് പ്രതിയിലേക്കുള്ള സൂചനയായത്. പശ്ചിമബംഗാളിലെ പൂർവ്വ് ബർദ്ധ്‌മാൻ മേമാറി അത്താസ്‌പൂറിൽ നൗഫൽ ഷെയ്ഖ് എന്ന പേരിൽ കഴിഞ്ഞു വരികയായിരുന്ന നൗഫൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഞായറാഴ്ച അന്വേഷണ സംഘം പിടികൂടിയത്.

മുൻപുള്ള ചില കേസുകളിലെ വിരലടയാളവുമായി ഒത്തുനോക്കിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പെരിന്തൽമണ്ണ മുതൽ കോഴിക്കോട് വരെയുള്ള ദേശീയപാതയിലെ ആളൊഴിഞ്ഞ വീടുകളിൽ മാത്രമാണ് മോഷ്ടിച്ചിരുന്നത്. തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും സംഘടിപ്പിക്കുന്ന മഴുവാണ് മോഷണത്തിന് ഉപയോഗിക്കുക. 2019ലാണ് നൗഫൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ജോലിക്കെത്തുന്നത്. പിന്നീട് ചെറിയ മോഷണങ്ങൾ നടത്തി. കൊവിഡ് കാലഘട്ടത്തിൽ വലിയ മോഷണത്തിലേക്ക് കടന്നു. സ്ഥിരമായി ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയിരുന്നു. സ്വർണം, മൊബൈൽ ഫോണുകൾ, പണം എന്നിവയാണ് മോഷ്ടിക്കാറ് . 100 പവൻ വരെ മോഷ്ടിച്ച കേസുകളുണ്ട്. മോഷ്ടിച്ച സ്വർണവുമായി ബംഗാളിലേക്ക് കടന്ന് അവിടെ വിറ്റഴിക്കും. ബംഗാളിൽ ഇരുനില വീടും രണ്ടേക്കർ കൃഷിത്തോട്ടവുമായി നൗഫൽ ഷേക്ക് എന്ന പേരിലാണ് ജീവിക്കുന്നത്. ബംഗാളി ഭാഷ നന്നായി സംസാരിക്കും. അവിടെ നിന്ന് വിവാഹവും ചെയ്തിട്ടുണ്ട്. ഗ്രാമീണരെയും അശരണരായ പാവങ്ങളെയും സഹായിച്ച് മികച്ച പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ട് ജയിലിൽ പോകേണ്ടി വരുമ്പോൾ ഖത്തറിലാണെന്ന് കള്ളം പറയും. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ പള്ളികളിൽ രാത്രി നമസ്‌ക്കാരത്തിനായി ചെന്ന് പരിസരം നിരീക്ഷിക്കുന്നതാണ് ഇയാളുടെ പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തുറക്കലിലെ മോഷണത്തിനു പുറമെ അരീക്കോട് കാഞ്ഞിരം, പൂക്കോട്ടൂരിലെ അറവങ്കര, കൽപകഞ്ചേരി ബാവപ്പടി, മക്കരപ്പറമ്പ് അമ്മിണിപ്പറമ്പ് എന്നിവിടങ്ങളിൽ സമാന രീതിയിൽ നടന്ന മോഷണങ്ങൾക്കും നൗഫലിന്റെ അറസ്റ്റോടെ തുമ്പായിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു, ഇൻസ്‌പെക്ടർ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ വി. ജിഷിൽ, കെ.ജെ. ജിജോ, എ.എസ്.ഐമാരായ രവീന്ദ്രൻ, മുഹമ്മദ് ഷാഫി, നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിയ, ഡാൻസാഫ് ടീം അംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സതീഷ്, സുബ്രഹ്മണ്യൻ, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL