മലപ്പുറം: ഒരു വർഷത്തിനിടെ ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 11,142 പേർ. ഗുരുതര പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇതിനിടെ, തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ.
അഞ്ച് വർഷത്തിനിടെ 3,307 നായ്ക്കളെയാണ് എ.ബി.സി പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്. എ.ബി.സി പദ്ധതിയുടെ ചുമതലയിൽ നിന്ന് കുടുംബശ്രീയെ മാറ്റി വൈദഗ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ, ഇതിനു ശ്രമിക്കാതെ അധികൃതർ 2021 അവസാനത്തിൽ പദ്ധതി നടത്തിപ്പ് അവസാനിപ്പിച്ചു. ജില്ലയിൽ എത്ര തെരുവുനായകളുണ്ട് എന്നതിന്റെ കണക്ക് പോലും മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമില്ല. വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല കൂടിയാണ് മലപ്പുറം. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്. തെരുവുനായകളുടെ അക്രമം വർദ്ധിച്ചിട്ടും നടപടിയെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
നാളെ യോഗം
ജില്ലയിൽ എ.ബി.സി കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ വി.ആർ വിനോദും പങ്കെടുക്കും.
എ.ബി.സി കേന്ദ്രം തുടങ്ങാൻ ചീക്കോട്, കീഴാറ്റൂർ മുതുകുറുശ്ശി എന്നിവിടങ്ങളിൽ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
എസ്‌റ്റേറ്റ് മേഖലയോട് ചേർന്ന റവന്യൂ ഭൂമിയാണ് മുതുകുറുശ്ശിയിലേത്. ജനവാസ മേഖലയല്ല എന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ എ.ബി.സി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളായിരുന്നു. പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അധികൃതർ പിൻവാങ്ങുകയായിരുന്നു.
കുറഞ്ഞത് 50 സെന്റ് ഭൂമിയെങ്കിലും എ.ബി.സി കേന്ദ്രത്തിന് വേണം. ഭൂമി ലഭ്യമായാൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെട്ടിടവും മറ്റ് സൗകര്യങ്ങളും നിർമ്മിക്കും
. നിലവിൽ വിവിധ പഞ്ചായത്തുകളുടെ വിഹിതമായി 56 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഭൂമി ലഭ്യമായാൽ ഉടൻ എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണത്തിലേക്ക് കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണസമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |