മലപ്പുറം: രണ്ട് വർഷത്തിനുള്ളിൽ ഭാരതപ്പുഴയിൽ നിന്ന് 250 കോടിയുടെ മണൽ വാരാനുള്ള പദ്ധതിക്ക് വേഗം കൂട്ടി സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച് സ്വകാര്യ കമ്പനിക്ക് മണൽ വാരാനുള്ള അനുമതി നൽകുന്നത്. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ സമീപത്ത് നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് മണൽ വാരുക. മൂന്ന് മീറ്റർ ആഴത്തിൽ ഖനനം ചെയ്തു മണലെടുക്കാം. പ്രളയത്തിൽ ഭാരതപുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ആദ്യപടിയായാണ് കാങ്കക്കടവിന് സമീപമുള്ള മണലെടുപ്പ് എന്നാണ് വിവരം. അനിയന്ത്രിതമായ മണലൂറ്റൽ മൂലം ഭാരതപുഴയുടെ സ്ഥിതി പരിതാപകരമായതോടെ ഹരിത ട്രിബ്യൂണൽ മണലെടുപ്പ് നിരോധിക്കുകയും മണൽ കടവുകൾ പൂട്ടാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ ഭാരതപുഴയുടെ തീരത്ത് വലിയതോതിൽ മണൽ അടിഞ്ഞു കൂടി കിടക്കുന്നത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ടെന്നും പുഴ വേഗത്തിൽ നിറഞ്ഞൊഴുകാൻ വഴിവയ്ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും മണലെടുപ്പിന് സർക്കാർ നടപടി തുടങ്ങിയത്. എത്രത്തോളം മണലെടുക്കാം, പാരിസ്ഥിത പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയിൽ വ്യക്തത വരുത്താതെയാണ് മണൽ ഖനന പദ്ധതിയുമായി മുന്നോട്ടുപോവുന്നത് എന്നത് ഭാരതപുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മണൽക്കടത്ത് നിർബാധം
കാലങ്ങളായുള്ള മണലൂറ്റലിൽ വേനലെത്തും മുമ്പേ തന്നെ നിള നീർച്ചാൽ പോലെയായിട്ടുണ്ട്. നാല് പതിറ്റാണ്ടിലധികം നീണ്ട മണലെടുപ്പാണ് നിളയുടെ തലവര മാറ്റിയെഴുതിയത്. 36 സർക്കാർ അംഗീകൃത കടവുകളിൽ നിന്ന് ഒരുവർഷം 5.1ലക്ഷം ക്യൂബിക് മീറ്റർ മണലാണ് കോരിയെടുത്തത്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസമില്ലാതെ മണലൂറ്റിയിരുന്ന 600ഓളം അനധികൃത മണൽകടവുകളും നിളയിൽ ഉണ്ടായിരുന്നു. പലയിടങ്ങളിലും നാലും അഞ്ചും മീറ്ററിലധികം ആഴത്തിൽ മണലൂറ്റിയപ്പോൾ അവശേഷിച്ചത് ചെളിക്കുണ്ടുകളാണ്.
ഒരുവർഷം 7,478 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം നിളയിലൂടെ ഒഴുകിപോവുന്നുണ്ടെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ കണക്ക്. ഇതിൽ നല്ലൊരു പങ്കും മൺസൂണിലാണ്. നിള ഒഴുകുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ ജലസമ്പന്നമാക്കാൻ മറ്റൊന്നും വേണ്ട. കടുത്ത മണലൂറ്റലിനെ തുടർന്ന് വേനലിന് മുമ്പേ നിളയോരം കുടിനീരിനായി നെട്ടോട്ടമോടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |