SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പൊള്ളിച്ച് ഏപ്രിൽ എന്തൊരു ചൂട്

മലപ്പുറം: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം പുറത്തിറങ്ങാൻ മാത്രമല്ല, വീടിനകത്തും ഇരിക്കാൻ വയ്യെന്ന സ്ഥിതിയിലാണ് നാട്. വരുംദിവസങ്ങളിൽ ചൂട് കൂടിയേക്കുമെന്ന സൂചനകളാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തുന്ന ചൂടിന്റെ അളവ് ബോദ്ധ്യപ്പെടുത്തുന്നത്. മലപ്പുറം ജില്ലയിലെ മിക്കയിടങ്ങളിലും ചൂട് 37 ഡിഗ്രി കടന്നു. കഴിഞ്ഞ ദിവസങ്ങളേക്കാൾ മൂന്ന് ഡ‌ിഗ്രി വരെ ചൂട് കൂടിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക്. പാലക്കാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ 38 ഡിഗ്രിയും കടന്നിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രിയാണ് ചൂട്. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാവുന്ന കാലാവസ്ഥയെന്ന മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ വകുപ്പും നൽകിയിട്ടുണ്ട്.

പകൽ ചൂടിനൊപ്പം രാത്രിയിലും ചൂട് വർദ്ധിക്കുന്ന പ്രതിഭാസമാണിപ്പോൾ. ഉയർന്ന അന്തരീക്ഷ ആർദ്രത കാലാവസ്ഥയെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. ഉച്ചസമയങ്ങളിൽ 38 ഡിഗ്രി വരെ ചൂടാണ് ജില്ലയിൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. വൈകിട്ട് പോലും 30 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ താപമാപിനികളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. വേനൽമഴ തീർത്തുംമാറി നിൽക്കുന്നത് ചൂട് കൂടാൻ കാരണമാണ്.

മൂന്ന് ഡിഗ്രിയുടെ വർദ്ധനവ്

  • ഇന്നലെ കരിപ്പൂരിലെ താപമാപിനിയിൽ 37 ഡിഗ്രിയാണ് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. കരിപ്പൂരിലെ താപമാപിനിയിലേതാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഔദ്യോഗിക കണക്കായി രേഖപ്പെടുത്തുന്നത്.
  • വിവിധ ഇടങ്ങളിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
  • മാർച്ചിൽ 30 മുതൽ 34 ഡിഗ്രി വരെ ചൂടായിരുന്നു രേഖപ്പെടുത്തിയത്.

പെയ്യാൻ മടിച്ച് മഴ

മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 14 വരെ 59.4 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ഇക്കാലയളവിൽ 31 മില്ലീ മീറ്റർ മഴയേ ലഭിച്ചുള്ളൂ. മഴയിൽ 49 ശതമാനത്തിന്റെ കുറവുണ്ട്. ഇക്കാലയളവിൽ കോഴിക്കോട് 50 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ അതിവേഗം വറ്റുമ്പോൾ വേനൽ മഴ മാറിനിൽക്കുന്നത് കുടിവെള്ളമടക്കം മുട്ടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL