SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

ഒരാഴ്ചക്കിടെ സൂര്യതപമേറ്റത് 11 പേർക്ക്; ജില്ലയിൽ ചൂട് നാല് ഡിഗ്രി വരെ ഉയരാം

മലപ്പുറം: കടുത്ത വെയിലിന് പിന്നാലെ സൂര്യാതപമേൽക്കുന്നവരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ഒരാഴ്ചക്കിടെ മാത്രം 11 പേർക്ക് സൂര്യാതപമേറ്റിട്ടുണ്ട്. ഇന്നലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികൾക്കാണ് സൂര്യാതപമേറ്റത്. വണ്ടൂർ ഗവ. ആശുപത്രിക്കുന്നിലെ നാല് വയസുകാരിക്കും വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിലെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കുമാണ് ശരീരത്തിൽ ഒന്നിലധികം ഭാഗങ്ങളിൽ പൊള്ളലേറ്റത്. മൂന്ന് പേർക്കും ചികിത്സ നൽകിയിട്ടുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൂക്കോട്ടൂരിൽ ഓട്ടോഡ്രൈവർക്കും കെ.എസ്.ഇ.ബി ജീവനക്കാരനും എടക്കരയിൽ വാഹന സ്റ്റിക്കർ വർക്കിനിടെ മറ്റൊരാൾക്കും കഴിഞ്ഞ ദിവസങ്ങളിൽ സൂര്യാതപമേറ്റിരുന്നു. കനത്ത ചൂടിൽ പുറത്ത് ജോലി ചെയ്ത സാഹചര്യത്തിലാണ് ഇവർക്കെല്ലാം സൂര്യാതപമേറ്റതെങ്കിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റത്.

ചൂട് ഇനിയും കൂടിയേക്കാം

ജില്ലയിൽ ഇന്നലെ വിവിധയിടങ്ങളിൽ 37-38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഇന്നും നാളെയും ഈ താപനില തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ഈ മാസം 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പേകുന്നു.

ശരീരം വിയർത്ത് ജലാംശവും ലവണങ്ങളും നഷ്ടമാകുമ്പോഴാണ് സൂര്യാതപമേൽക്കുക. നിർജ്ജലീകരണം കാരണം ശരീരത്തിൽ ചുവന്നപാടുകൾ, പൊള്ളൽ, നീറ്റൽ തുടങ്ങിയവ ഉണ്ടാവും. ഇതിനൊപ്പം ക്ഷീണവും തലവേദനയും തലകറക്കവും ഉണ്ടാവും. അതേസമയം സൂര്യാഘാതം ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ ആണ് സംഭവിക്കുക. താപം പുറത്തുപോവാൻ തടസ്സമുണ്ടാകുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാവും. സൂര്യാതപത്തേക്കാൾ ഗുരുതരമായ സാഹചര്യമാണിത്. തലവേദന, ബോധക്ഷയം, ശ്വാസനമെടുക്കുന്നത് കുറയൽ, ശരീരത്തിൽ ചൂട് കൂടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL