SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

മണ്ണ് നീക്കാൻ നടപടിയില്ല ലക്ഷ്യം നേടാനാകാതെ ലക്ഷങ്ങൾ പാഴായി തടയണകൾ

s
കാളികാവ് പാലത്തിനു താഴൈ നിർമ്മിച്ച തടയണയിൽ മണ്ണടിഞ്ഞ നിലയിൽ

കാളികാവ് : വരൾച്ചയെ പ്രതിരോധിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണകളിൽ മണ്ണ് നിറഞ്ഞു. ഇതോടെ ജലസംഭരണം പേരിന് മാത്രമായി. വർഷക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം കല്ലും മണ്ണും തടയണകളിൽ അടിഞ്ഞതാണ് കാരണം. കാളികാവ് പഞ്ചായത്തിൽ മാത്രം ലക്ഷങ്ങൾ മുടക്കിയ നാലു തടയണകൾ വെള്ളം സംഭരിക്കാൻ കഴിയാതെയായി.
കാളികാവ് പഞ്ചായത്തിൽ അടുത്തിടെ നിർമ്മിച്ച ചാഴിയോട്, കാളികാവ്, പരിയങ്ങാട്, ഉദരംപൊയിൽ തടയണകളിൽ പൂർണമായും മണ്ണടിഞ്ഞ് കഴിഞ്ഞു. ഇത് നീക്കാൻ നടപടികളൊന്നുമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി.ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് മധുമല കുടിവെള്ള പദ്ധതിക്കുവേണ്ടി പരിയങ്ങാട് നിർമ്മിച്ച ചെക്ക് ഡാമിലും മുക്കാൽ ഭാഗവും മണ്ണ് നിറഞ്ഞു.
തടയണകളിൽ വെള്ളം ഉണ്ടാകുമ്പോൾ അതത് പ്രദേശത്തെ മുഴുവൻ കിണറുകളിലും ജലനിരപ്പുയരും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രിൽ,​ മേയ് മാസമാകുമ്പോഴേക്ക് തടയണയിൽ വെള്ളമില്ലാതാവുകയാണ്.
വർഷക്കാലത്ത് കുത്തൊഴുക്കുള്ള പുഴകളായതിനാലാണ് നേരത്തെ മണ്ണടിയാൻ കാരണമാകുന്നത്.
മൂന്നുവർഷം മുമ്പ് ബലപ്പെടുത്തിയ പരിയങ്ങാട് തടയണയിലും കാളികാവ് പഴയ പാലത്തിനടുത്ത തടയണയിലും 80 ശതമാനവും മണ്ണടിഞ്ഞിട്ടുണ്ട്. തടയണകളിൽ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് നിലവിൽ പഞ്ചായത്തിൽ ഫണ്ടുകളില്ല. മണൽ കോരിയെടുത്ത് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിൽ ഒരു രൂപ പോലും മുടക്കാതെ തടയണ വൃത്തിയാക്കാനാകും.എന്നാൽ പുഴകളിൽ നിന്ന് മണലൂറ്റൽ നിയന്ത്രണമുള്ളതിനാൽ ഇതും നടക്കില്ല.

നടപടി വേണം

നൂറ്റാണ്ട് മുമ്പ് പരിയങ്ങാട് നിർമ്മിക്കുകയും പിന്നീട് പുതുക്കുകയും ചെയ്ത തടയണയിൽ പൂർണ്ണമായും മണ്ണടിഞ്ഞതിനാൽ എല്ലാ വർഷവും പുഴ പരന്നൊഴുകി കൃഷി നശിക്കുന്നുണ്ട്. കൃഷിഭൂമിയിലും മണ്ണടിയുന്നു.

പ്രധാനമായും വേനൽ കാലത്തെ കുടിവെള്ളം ലക്ഷ്യമാക്കിയാണ് തടയണകൾ നിർമ്മിക്കുന്നത്.എന്നാൽ മദ്ധ്യവേനലാകുമ്പോഴേക്കും ഈ മേഖലയിലെ തൊണ്ണൂറ് ശതമാനം കിണറുകളും വറ്റിപ്പോവുകയാണ്.

കുടിവെള്ള ലഭ്യതക്ക് തടസ്സം വരാതിരിക്കാൻ പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്തിൽ ഫണ്ട് വകയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അതത് വർഷങ്ങളിൽ തടയണകളുടെ സമീപത്തു നിന്ന് മണ്ണും മണലും നീക്കം ചെയ്യാൻ നടപടിയില്ലെങ്കിൽ ഏതാനും വർഷത്തിനുള്ളിൽ എല്ലാ തടയണകളും പൂർണ്ണമായും ഉപയോഗ ശൂന്യമാവും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL