SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

ഇന്നാണ്...ഇന്ന്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ആകാംക്ഷയിലാണ് മുന്നണികൾ. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. അതിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന ജില്ലയാണെങ്കിലും ഇടതുമുന്നണിക്കും മലപ്പുറം ജില്ലയിൽ വലിയ സ്വപ്നങ്ങളുണ്ട്. സംസ്ഥാനത്ത് തുടർഭരണം ഉറപ്പിക്കാൻ നിലവിലെ മൂന്ന് സീറ്റുകളെങ്കിലും നിലനിറുത്തുകയാണ് ചുരുങ്ങിയ ലക്ഷ്യം. അതേസമയം, ഐക്യമുന്നണിയെ ഭരണത്തിലേറ്റാൻ 16 സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നാണ് ഇരുമുന്നണികളും ആകാംക്ഷയോടെ നോക്കുന്നത്.
ജില്ലയിലെ 16 മണ്ഡലങ്ങളിൽ 13 എണ്ണവും നിലവിൽ യു.ഡി.എഫിനൊപ്പമാണ്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ മുസ്ലിംലീഗാണ് ജയിച്ചത്. നിലമ്പൂരിലും വണ്ടൂരിലും കോൺഗ്രസും. പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളാണ് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകൾ. പൊന്നാനിയിൽ പാർട്ടി ചിഹ്നത്തിലും തവനൂരിലും താനൂരിലും സ്വതന്ത്രരിലൂടെയുമാണ് തുടർച്ചയായി ജയിച്ചത്.

ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ് 2021ലെ ഭൂരിപക്ഷം. പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടിനും താനൂരിൽ സി.പി.എം സ്വതന്ത്രനായ വി.അബ്ദുറഹ്മാൻ 985 വോട്ടിനുമാണ് ജയിച്ചത്.

മലപ്പുറത്ത് പി. ഉബൈദുള്ളയാണ് കഴിഞ്ഞതവണ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്; 35,208 വോട്ടുകൾ. 30,522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതുമെത്തി. ഏറനാട്ടിൽ പി.കെ.ബഷീർ 22,546 വോട്ടും ഭൂരിപക്ഷം നേടി.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ജില്ലയിൽ അഞ്ച് ലൊക്കേഷനുകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

> കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം - മലപ്പുറം ഗവ.കോളേജിൽ
> നിലമ്പൂർ, വണ്ടൂർ - നിലമ്പൂർ അമൽ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ
> വേങ്ങര - തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ്
> വള്ളിക്കുന്ന് - തിരൂരങ്ങാടി ഗവ.എച്ച്.എസ്.എസ്
> തിരൂരങ്ങാടി - തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്‌കൂൾ
> താനൂർ, തിരൂർ, കോട്ടയ്ക്കൽ- തിരൂർ എസ്.എസ്.എം പോളിടെക്നിക്ക്
> തവനൂർ, പൊന്നാനി-പൊന്നാനി അച്യുതവാര്യർ എച്ച്.എസ്.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL