മലപ്പുറം: രാസവളത്തിന്റെ വില വർദ്ധനവ് മൂലം പ്രതിസന്ധിയിലായി കർഷകർ. ഇറാൻ യുദ്ധവും കേന്ദ്രസർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതുമാണ് വില വർദ്ധനവിന് പ്രധാന കാരണം. കൃഷിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന പൊട്ടാഷ്, ഫാക്ടം ഫോസ്, തുരിശ് എന്നിവയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ജില്ലയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് നിലവിൽ 2,350 രൂപയാണ്. പൊട്ടാഷിന്റെ വില 1,500 രൂപയിൽ നിന്നും 2,300 ആയി ഉയർന്നിട്ടുണ്ട്. തുരിശിന്റെ വില 210ൽ നിന്ന് 540 ആയി ഉയർന്നു. സബ്സിഡിയുള്ളതിനാൽ രാസവളമായ യൂറിയയുടെ വില വർദ്ധിച്ചിട്ടില്ല. എന്നാൽ, യൂറിയ ക്ഷാമം ഇടയ്ക്കിടെ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ വളം നിർമ്മാണത്തിനുള്ള രാസവസ്തുക്കളുടെ ഇറക്കുമതി കുറയുകയും വില വർദ്ധിക്കുകയും ചെയ്തിരുന്നു.
ഭൂരിഭാഗം വളങ്ങൾക്കൊപ്പവും പൊട്ടാഷ് ചേർത്താണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ പൊട്ടാഷിന്റെ വിലയിലുണ്ടായ വർദ്ധനവ് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെമ്പിന് ഡിമാന്റ് വർദ്ധിച്ചത് തുരിശിന്റെ വിലക്കയറ്റത്തിന് കാരണമായി. തുരിശിലെ പ്രധാന ഘടകം ചെമ്പാണ്. തെങ്ങ്, കുരുമുളക്, റബ്ബർ എന്നിവയുടെ കുമിൾ രോഗത്തിനുള്ള പ്രതിവിധിയായാണ് തുരിശ് പ്രധാനമായും ഉപയോഗിക്കുന്നത്.
ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. പ്രകൃതിക്ഷോഭം കാരണം കൃഷിനാശം സംഭവിച്ച കർഷകർക്ക് ലഭിക്കേണ്ട വിള ഇൻഷുറൻസ് ഉൾപ്പെടെ ജില്ലയിൽ കുടിശ്ശികയാണ്.
ജൈവവളങ്ങൾ ഉപയോഗിക്കുകയാണ് നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരം. എന്നാൽ 10 കിലോ രാസവളത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ആറ് ഇരട്ടിയിലധികം ജൈവവളങ്ങൾ ഉപയോഗിക്കേണ്ട സ്ഥിതിയാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉല്പാദനത്തെ ബാധിക്കും.
പി.മനോജ്, കർഷകൻ.
രാസവളം----- ഫെബ്രുവരിയിലെ വില-------- നിലവിലെ വില
പൊട്ടാഷ്---1,500----- 2,300
ഫാക്ടം ഫോസ്----1,425----2,350
തുരിശ്----210---540
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |