മലപ്പുറം: വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ മലപ്പുറം ജില്ല പിന്നിൽ. 2025-26 സാമ്പത്തിക വർഷം ആകെ 12,215 വിദേശ വിനോദസഞ്ചാരികളാണ് ജില്ലയിൽ എത്തിയത്. സംസ്ഥാനത്താകെ 8,21,999 വിദേശ സഞ്ചാരികൾ എത്തിയപ്പോൾ മലപ്പുറത്തിന്റെ വിഹിതം 1.49 ശതമാനത്തിൽ ഒതുങ്ങി. വിദേശികൾ ഏറെയെത്തുന്നത് എറണാകുളത്താണ്. 2,76,096 പേരെത്തി. തിരുവനന്തപുരം (1,66,429), ഇടുക്കി (1,59,339) ജില്ലകളാണ് തൊട്ടുപിന്നിൽ. ആലപ്പുഴയിൽ 68,630 പേരും കോട്ടയത്ത് 67,154 പേരും സന്ദർശിച്ചു. കോഴിക്കോട് ജില്ലയിൽ 20,104 വിദേശ വിനോദ സഞ്ചാരികൾ എത്തിയിട്ടുണ്ട്. പാലക്കാട് (1,776), പത്തനംതിട്ട (798), കണ്ണൂർ (4,021), കാസർകോട് (4,396) എന്നിങ്ങനെ ആണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
നിലമ്പൂർ ഉൾപ്പെടെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും വിദേശ വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളുടെ പട്ടികയിലും മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരുകേന്ദ്രവും ആദ്യ 20ൽ ഇടംപിടിച്ചിട്ടില്ല. കൊച്ചി, തേക്കടി, തിരുവനന്തപുരം സിറ്റി, മൂന്നാർ, കുമരകം, കോവളം, ആലപ്പുഴ എന്നിവയാണ് പട്ടികയിൽ മുന്നിലുള്ളത്.
ആഭ്യന്തര സഞ്ചാരികൾ 9.33 ലക്ഷം
ടൂറിസം വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 9,33,288 ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തിയത്. ഇതിൽ നല്ലൊരു പങ്കും കേരളത്തിൽ നിന്നുള്ളവർ തന്നെയാണ്. ആഭ്യന്തര വിനോദ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ആദ്യ പത്ത് സ്ഥലങ്ങളുടെ പട്ടികയിലും മലപ്പുറം ഇടംപിടിച്ചിട്ടില്ല. മൂന്നാർ, കൊച്ചി സിറ്റി, തിരുവനന്തപുരം, ഗുരുവായൂർ, കോഴിക്കോട് സിറ്റി, തേക്കടി, വർക്കല, കോവളം, വയനാട്, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലാണ് കൂടുതൽ പേരെത്തുന്നത്. സംസ്ഥാനത്താകെ 2.51 കോടി സഞ്ചാരികളെത്തി. ഇടുക്കിയിൽ 46.80 ലക്ഷവും എറണാകുളത്ത് 44.30 ലക്ഷവും തിരുവനന്തപുരത്ത് 43.76 ലക്ഷം പേർ എന്നിങ്ങനെയാണ്. തൃശൂരിൽ 31.15 ലക്ഷവും കോഴിക്കോട്ട് 14.69 ലക്ഷവും വയനാട്ടിൽ 14.74 ലക്ഷവും സന്ദർശകരെത്തി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണം ഇതിനനുസരിച്ച് വർദ്ധിച്ചിട്ടില്ല.
വിദേശികളുടെ വരവ്
എറണാകുളം 2,76,096
തിരുവനന്തപുരം 1,66,429
ഇടുക്കി 1,59,339
ആഭ്യന്തര സഞ്ചാരികളുടെ വരവ്
ഇടുക്കി 46.80 ലക്ഷം
എറണാകുളം 44.30 ലക്ഷം
തിരുവനന്തപുരം 43.76 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |