മലപ്പുറം: ദേശീയപാതയിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ 24 മണിക്കൂർ എൻഫോഴ്സ്‌മെന്റ് നിരീക്ഷണം ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ്. ദേശീയപാതയിൽ ഓരോ 20 കിലോമീറ്ററിലും സ്‌ക്വാഡ് വാഹനങ്ങളുമായി നിരീക്ഷണം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ മലപ്പുറം ജില്ലയിൽ ദേശീയപാത 66ൽ നിലവിൽ നിരീക്ഷണത്തിനുള്ളത് ഒരുവാഹനം മാത്രം. ആവശ്യത്തിന് സ്‌ക്വാഡുകളും വാഹനങ്ങളും അനുവദിക്കാതെ 24 മണിക്കൂർ നിരീക്ഷണം കാര്യക്ഷമമാക്കാനാവില്ലെന്ന ആശങ്കയുമുണ്ട്.
ദേശീയപാത 66നെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്‌മെന്റ് സോണുകളായി തിരിച്ച് പകൽ, വൈകിട്ട്, രാത്രി എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി പരിശോധന നടത്താനാണ് ആലോചന. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹൈവേ നിരീക്ഷണത്തിന് നിയോഗിച്ചേക്കും. ഓരോ 20 കിലോമീറ്ററിലും സ്‌ക്വാഡിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങൾ കണ്ടെത്താനും അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വേഗത്തിൽ ഇടപെടാനുമാവും.
അതേസമയം, ജില്ലയിലെ പരിമിതമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിരീക്ഷണം ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ട്. അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പെട്ടെന്നെത്താനും അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, ലഹരിയുപയോഗിച്ചുള്ള വാഹനമോടിക്കൽ തുടങ്ങിയവ കണ്ടെത്താനും കൂടുതൽ സ്‌ക്വാഡുകൾ ആവശ്യമാണ്. ഇതിനായി എൻഫോഴ്സ്‌മെന്റ് അംഗബലം വർദ്ധിപ്പിക്കണമെന്നും ആവശ്യമായ വാഹനങ്ങൾ അനുവദിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
അപകടങ്ങളിൽ വലിയ വർദ്ധനവ്
ജില്ലയിൽ റോഡപകടങ്ങൾ തുടർച്ചയായി വർദ്ധിക്കുന്നതും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
2021ൽ ജില്ലയിൽ 2,152 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2025ൽ ഇത് 3,569 ആയി ഉയർന്നു. അഞ്ചുവർഷത്തിനിടെ അപകടങ്ങളിൽ 66 ശതമാനത്തോളം വർദ്ധനയുണ്ടായി.
അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 2,396ൽ നിന്ന് 4,112 ആയും ഉയർന്നു.
അപകടമരണങ്ങളും 2021ലെ 292ൽ നിന്ന് 2025ൽ 333 ആയി വർദ്ധിച്ചു.
2026ൽ 2,035 അപകടങ്ങളിലായി 167 പേർ മരിക്കുകയും 2,344 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടമരണങ്ങൾ മൂന്നുവർഷത്തിനകം പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ റോഡ് സുരക്ഷാ സാക്ഷരതാ മിഷനും ആരംഭിക്കുന്നുണ്ട്. ബോധവത്കരണം, കർശന പരിശോധന, അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
20 കിലോമീറ്ററിന് ഒരു സ്‌ക്വാഡ്
6 ശതമാനം: അപകടങ്ങളുടെ വർദ്ധന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |