
പാലക്കാട്: നഗരത്തിലെ റോഡുകൾ കൈയ്യേറി വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വ്യാപകം, വലഞ്ഞ് കാൽനട യാത്രക്കാർ. നഗരത്തിലെ പ്രധാന റോഡുകളിൽ ട്രാഫിക് പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിടങ്ങളിലെല്ലാം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തിയിടുന്നത് പതിവാണ്.
ഏറെ തിരക്കുള്ള ജില്ല ആശുപത്രിക്ക് മുന്നിലെ നഗരസഭയുടെ മതിലിനോട് ചേർന്ന് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇവിടെ ഗതാഗത തടസവും പതിവാണ്. ജില്ല ആശുപത്രിയിലേക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും വരുന്നവരുടെ വാഹനങ്ങളാണ് റോഡരികിൽ നിർത്തിയിടുന്നത്. നഗരസഭയ്ക്ക് സമീപത്തും കോട്ടമൈതാനത്തിന് ചുറ്റുമായി അംഗീകൃത വാഹനപാർക്കിംഗ് സൗകര്യം ഉള്ളപ്പോഴാണ് ജില്ല ആശുപത്രി ഗേറ്റിന് മുന്നിലെ ഈ അനധികൃത നിർത്തിയിടൽ. വർഷങ്ങളായി ഈ സ്ഥിതി തുടരുമ്പോഴും ഇതിനെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.
റോബിൻസൺ റോഡിലേക്ക് പ്രവേശിക്കുന്നിടത്തും സമാനസ്ഥിതിയാണ്. മുനിസിപ്പൽ കോംപ്ലക്സ് മുതൽ ടൗൺഹാൾ റോഡിലേക്ക് തിരിയുന്നതുവരെ അമ്പതോളം ഇരുചക്രവാഹനങ്ങൾ നിരനിരയായി നിർത്തിയിടാറുണ്ട്. നഗരത്തിൽ ജിബി റോഡ്, സ്റ്റേഡിയം റോഡ്, എച്ച്.പി.ഒ റോഡ്, ടി.ബി റോഡ് എന്നിവിടങ്ങളിലെ റോഡരികിലെ അനധികൃത പാർക്കിംഗ് ദുരിതം തീർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ അനധികൃതമായി ഓട്ടോകൾ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റിപ്പോകുന്നതും പതിവാണ്. മുൻവർഷങ്ങളിൽ ഇങ്ങനെയുള്ള വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചും കത്രികപ്പൂട്ടിട്ടും ട്രാഫിക് പൊലീസ് നടപടിയെടുത്തിരുന്നു. മറ്റൊരിടം പാർക്കിംഗിനായി അനുവദിക്കണമെന്നും യാത്രക്കാർക്ക് ഭീഷണിയായ പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട്
ജില്ലാ ആശുപത്രിക്ക് മുന്നിൽ അനധികൃത പാർക്കിംഗ് വർദ്ധിക്കുന്നതിനാൽ ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടി ജനങ്ങൾ. ആംബുലൻസുകളും അടിയന്തര വാഹനങ്ങളടക്കം ആശുപത്രിയിലേക്ക് കടക്കാൻ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ ആശുപത്രി വളപ്പിനകത്ത് പാർക്ക് ചെയ്യുന്നതിന് വിലക്കുണ്ട്. എന്നാൽ ആശുപത്രിക്ക് എതിർവശത്ത് ഒരുവരിയായി ഇരുചക്രവാഹനങ്ങൾ നിർത്തിയിടാം. ഇവിടെ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ റോഡിന് നടുവിൽ കയറ്റിയാണ് വാഹനങ്ങൾ നിർത്തുന്നത്. ആശുപത്രി മതിൽക്കെട്ടിനോട് ചേർന്ന് സ്വകാര്യ പാർക്കിംഗ് സ്ഥലമുണ്ടെങ്കിലും ഉയർന്ന വാടക നൽകേണ്ടതിനാൽ ആരും പാർക്ക് ചെയ്യുന്നില്ല. പാർക്കിംഗിന് ആവശ്യമായ സ്ഥലം കണ്ടെത്താനോ സജീകരണങ്ങൾ ഒരുക്കാനോ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രി കവാടത്തിന് മുന്നിൽ ക്യാറ്റിൽ ട്രാപ് സ്ഥാപിക്കുന്നതിനാൽ ഗേറ്റിനു ഒരുവശം അടച്ചിരിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും കടന്നാണ് നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |