പാലക്കാട് നഗരത്തിലെ ബസ് സ്റ്റാൻഡുകളുടെ അവസ്ഥ
പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉൾപ്പെടെ നാല് ബസ് സ്റ്റാൻഡുകളുള്ള പാലക്കാട് നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡാണ് സ്റ്റേഡിയം സ്റ്റാൻഡ്. ദിവസേന 500 ലധികം ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരുമെത്തുന്ന സ്റ്റാൻഡിന്റെ സ്ഥിതി വളരെ ശോചനീയമാണ്. സ്റ്റാൻഡിനകത്തെ നിലം പകുതിയിലധികവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നിരവധി തവണ നഗരസഭയിൽ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് സ്റ്റാൻഡിനകത്ത് കച്ചവടം ചെയ്യുന്നവർ പറയുന്നത്. ഇളകിക്കിടക്കുന്ന മാർബിൾ കഷ്ണങ്ങളിൽ തട്ടി നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കൂടുതൽ ഭാഗം പൊളിഞ്ഞു തുടങ്ങിയപ്പോൾ കടയുടമകൾ കൈയ്യിൽ നിന്ന് പണം ചെലവാക്കിയാണ് കോൺക്രീറ്റ് ചെയ്തത്.
കാലില്ലാ കസേരകൾ
ചുരുങ്ങിയ എണ്ണം ഇരിപ്പിടങ്ങൾ മാത്രമാണ് സ്റ്റാൻഡിലുള്ളത്. ചില കസേരകൾക്ക് ഇരിക്കാനുള്ള ഭാഗമില്ല കമ്പി മാത്രമേ ഒള്ളൂ. ബാക്കി ഭാഗം എവിടെപ്പോയെന്ന് ചോദിച്ചപ്പോൾ ആരോ മോഷ്ടിച്ചുകൊണ്ടു പോയതെന്നാണ് കടകളിലെ തൊഴിലാളികൾ പറഞ്ഞത്. ഇരിപ്പിടമുള്ള കസേരകൾ ചിലതിന് കാലുമില്ല. കല്ലിന് മുകളിലാണ് അവ വച്ചിരിക്കുന്നത്.
മഴ പെയ്താൽ വെള്ളം മുഴുവൻ അകത്ത്
മഴപെയ്താൽ വെള്ളം ഒരു തുള്ളിവിടാതെ സ്റ്റാൻഡിനകത്തേക്കാണ് വീഴുന്നത്. മാർബിൾ ഇളകി കിടക്കുന്നിടത്ത് വെള്ളം വീണാൽ ആകെ ചെളിക്കുളമാണ്. യാത്രക്കാർക്ക് സ്റ്റാൻഡിനകത്തും കുട ചൂടി നിൽക്കേണ്ട അവസ്ഥയാണ്. പല കടകൾക്ക് മുകളിലും കടയുടമകൾ തന്നെയാണ് പണം മുടക്കി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
ശുചിമുറി അസഹനീയം
നിരവധി സ്ത്രീയാത്രക്കാർ എത്തുന്ന സ്റ്റാൻഡിലെ ശുചിമുറികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. നഗരസഭയുടെ കീഴിൽ പുതിയ ശുചിമുറി നിർമ്മിച്ചതിൽ പിന്നെ പഴയ ശുചിമുറി വൃത്തിയാക്കാറില്ല. ഇതിനകത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. പണം വാങ്ങി ഉപയോഗിക്കുന്ന സമയത്ത് കൃത്യമായി ശുചിമുറികൾ വൃത്തിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പണം കൊടുത്തല്ല യാത്രക്കാർ ശുചിമുറി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വൃത്തിഹീനവുമാണ്.
പുതിയ കെട്ടിടത്തിലും ചോർച്ച
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് വർഷം മുമ്പ് ആരംഭിച്ച പുതിയ സ്റ്റേഡിയം ബസ് ടെർമിനൽ കെട്ടിടവും ചോർന്നൊലിക്കുകയാണ്. 3.19 കോടി രൂപ ചെലവിൽ നിലവിലെ സ്റ്റാൻഡിന് മുന്നിൽ ഒഴിഞ്ഞുകിടന്നിരുന്ന നഗരസഭയുടെ സ്ഥലത്താണ് പുതിയ ബസ് ടെർമിനൽ. കൂടാതെ പരിസരവും വൃത്തിഹീനമായ അവസ്ഥയാലാണ്.
സ്റ്റേഡിയം ബസ് ടെർമിനൽ തുറന്നു നൽകിയില്ല
ഏഴ് വർഷം മുമ്പ് ആരംഭിച്ച സ്റ്റേഡിയം ബസ് ടെർമിനൽ മേയ് പകുതിയോടെ തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയായിട്ടും തുറന്നു നൽകിയിട്ടില്ല. ടെർമിനലിന്റെ തൊണ്ണൂറ് ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഒരു വശത്തെ കോൺക്രീറ്റ് ജോലികളാണ് ബാക്കിയുള്ളത്. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കൊവിഡിനെ തുടർന്ന് പദ്ധതി നീണ്ടുപോവുകയായിരുന്നു.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |