എലപ്പുള്ളി: പുതിയ ഇനം വിത്തുകൾ, നാട്ടറിവും ശാസ്ത്രീയ രീതികളും സമന്വയിച്ചുള്ള കൃഷി പരീക്ഷണം, മണ്ണ് പരിശോധിക്കാൻ എ.ഐ സാങ്കേതിക വിദ്യ, കൃഷിയിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ... ഇങ്ങനെ കൃഷിവകുപ്പും പഞ്ചായത്തും പാടശേഖര സമിതികളും കൈകോർത്ത് നീങ്ങുന്ന എലപ്പുളളിയിലെ കൃഷിയിടങ്ങളിൽ നിന്നുയരുന്നത് കർഷക വിജയഗാഥ. കേരളത്തിന്റെ നെല്ലറയാണ് പാലക്കാട് എങ്കിൽ പാലക്കാടിന്റെ നെല്ലറയാവുകയാണ് എലപ്പുള്ളി. നെല്ലിന് ഒപ്പം തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് കൃഷികളും ഇവിടെ സജീവമാണ്. ജില്ലയിൽ പലയിടത്തും കൃഷി നഷ്ടമെന്ന് പറഞ്ഞ് കർഷകർ പിൻവലിയുമ്പോൾ നൂതന കൃഷി രീതികളുമായി വലിയ കുതിച്ച് ചാട്ടമാണ് എലപ്പുളളി നടത്തുന്നത്. കാർഷിക രംഗത്ത് ഒരു എലപ്പുള്ളി മാതൃക തന്നെ രൂപപ്പെട്ടിരിക്കുന്നു.
സഹായത്തിന് എ.ഐ
സെൻസല്യൂട്ട എന്ന ഉപകരണം ഉപയോഗിച്ച് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവിടെ മണ്ണ് പരിശോധന നടക്കുന്നത്. ഫലം പത്ത് മിനിറ്റിൽ സ്‌ക്രീനിൽ തെളിയും. മണ്ണിന്റെ സ്ഥിതി അനുസരിച്ചുള്ള വിത്തിറക്കലും വളപ്രയോഗവുമാണ് ഉത്പാദനം വർദ്ധിക്കാൻ കാരണമായത്. എലപ്പുള്ളി പഞ്ചായത്തിലെ കൃഷി ക്കൂട്ടങ്ങളിലൂടെ 65 ഇനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തിച്ചത്. കൃഷിക്കൂട്ടം ഉൽപ്പന്നങ്ങൾ മിൽമ വഴി വിപണനം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായി. ജൈവ അരി, അരിപ്പൊടി, അവിൽ, അച്ചാറുകൾ, ശർക്കര, ചെമ്പരത്തി ഹൽവ, പഴങ്ങളിൽ നിന്നുള്ള വൈനുകൾ, വിവിധതരം സ്‌ക്വാഷുകൾ, വെർജിൻ കോക്കനട്ട് ഓയിൽ, ആയുർവ്വേദ എണ്ണകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് എലപ്പുള്ളിയിലെ കൃഷിക്കൂട്ടങ്ങൾ വിപണിയിലെത്തിക്കുന്നത്. ചക്ക കൊണ്ടും മുരിങ്ങകൊണ്ടും ഉള്ള ഉൽപ്പന്നങ്ങളും വിവിധതരം കറി പൗഡറുകളും കൊണ്ടാട്ടങ്ങളും ഇവിടെ നിർമ്മിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് ഓൺലൈനിലും ആവശ്യക്കാർ ഏറെയാണ്. ചിലത് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
പുതിയ നെൽവിത്തുകൾ
കാല ബട്ടി, ധ്യാൻ 65, സ്വർണ്ണം രഞ്ജിത്ത് തുടങ്ങി പുതുമയുള്ള നെൽ വിത്തുകൾ കൃഷിയിറക്കിയതും എലപ്പുള്ളിയുടെ പ്രത്യേകതയാകുന്നു. അപൂർവ്വ ഔഷധ ഗുണമുള്ള പത്തോളം നെൽ വിത്തുകൾ എലപ്പുള്ളിയിലെ പാടശേഖരങ്ങളിൽ കൃഷി പരീക്ഷിക്കപ്പെട്ടു. കാർഷികോൽപ്പന്നങ്ങൾ കൊണ്ട് ഭക്ഷണമൊരുക്കുന്ന ഫുഡ് ഹബ്ബും കാർഷിക വിളകൾ സംരക്ഷിക്കാൻ ഒരുക്കിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കും വിജയിച്ച പരീക്ഷണങ്ങളാണ്. തെങ്ങിൻ തോപ്പുകളിലെ ഇടവിള കൃഷി പരീക്ഷണം കേരകർഷകർക്ക് വലിയ അനുഗ്രഹമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |