SignIn
Kerala Kaumudi Online
Wednesday, 26 August 2026 8.11 PM IST

മലബാർ സിമന്റ്‌സ് പ്രതിസന്ധിയിൽ

malabar-cements

വാളയാർ: പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് പ്രതിസന്ധിയിൽ. സ്വകാര്യ കമ്പനികളുമായുള്ള കിടമത്സരമാണ് പ്രതിസന്ധിക്ക് കാരണം. സ്വകാര്യ കമ്പനികൾ സിമന്റ് വില കുറച്ചു, ഇതോടെ സിമന്റ് വിപണിയിൽ മലബാർ സിമന്റ് താഴേക്ക് പോകാൻ തുടങ്ങി. സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റും തൊഴിലാളികളും. എന്നാൽ പുതിയ ഡയറക്ടർമാരുടെ നിയമനവും നടന്നിട്ടില്ല.

രണ്ടായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് മലബാർ സിമന്റ്‌സ്. മലബാർ സിമന്റ്‌സിന് തകർച്ചയുണ്ടായാൽ അത് വാളയാറിനെ മാത്രമല്ല പാലക്കാട് ജില്ലയുടെ സമ്പദ്ഘടനയെ തന്നെ സാരമായി ബാധിക്കും.

ചുണ്ണാമ്പ് കല്ല് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ നേരിട്ട് വിൽപ്പന നടത്തി ഓപ്പറേഷൻ ലോസ് കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മലബാർ സിമന്റ്‌സ് മാനേജ്‌മെന്റ് പറഞ്ഞു. ചുണ്ണാമ്പ് കല്ലുകളുടെ വിൽപ്പനക്ക് വിപണിയിൽ നല്ല പ്രതികരണമാണ്. മലബാർ സിമന്റ്‌സിന്റെ ഖനിയിൽ ഇത് വലിയ അളവിൽ ലഭ്യമാണ്. സിമന്റ് വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഇതുപോലെ കമ്പനി ലാഭകരമാക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ആരായുന്നുണ്ടെന്നും മാനേജ്‌മെന്റ് പറഞ്ഞു.

സിമന്റിന് മാത്രം വില കൂടിയില്ല

പത്ത് വർഷം മുമ്പുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ സിമന്റ് വിൽക്കുന്നത്. വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണൽ, കല്ല്, മരം തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ഈ കാലയളവിനുള്ളിൽ അഞ്ചും ആറും ഇരട്ടി വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പക്ഷെ സിമന്റിന്റെ വില മാത്രം കുറയുകയാണ് ചെയ്ത്. സിമന്റ് ഉദ്പാദിപ്പിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കളായ ചുണ്ണാമ്പ് കല്ലിനും ഫ്‌ളൈ ആഷിനും വില വർദ്ധിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ്ജും മറ്റ് ഉദ്പാദന ചെലവുകളും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലബാർ സിമന്റ്‌സിന് ഇപ്പോഴത്തേതിലും കുറഞ്ഞ വിലക്ക് സിമന്റ് വിൽക്കാനാകില്ല.

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മലബാർ സിമന്റ്‌സിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അന്ന് വിവിധ സർക്കാർ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ മലബാർ സിമന്റ് മാത്രം ഉപയോഗിക്കണമെന്ന ഉത്തരവിട്ടു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഈ ഉത്തരവ് റദ്ദാക്കി. പിന്നീട് പിണറായി വിജയൻ സർക്കാർ ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചു. പക്ഷെ കരാറുകാർ കോടതിയെ സമീപിച്ചു. ക്വട്ടേഷൻ സ്വീകരിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തുന്നവരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ നിയമപരമായി തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കരാറുകാരുടെ വാദം. കോടതി ഇത് അംഗീകരിച്ചതോടെ സർക്കാറിന് തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകേണ്ടി വന്നു.

എസ്.ബി.രാജു, മുൻ ഡയറക്ടർ, മലബാർ സിമന്റ്സ്.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണ കെടുകാര്യസ്ഥത മൂലമാണ് മലബാർ സിമന്റ്‌സ് തകർച്ചയിലേക്ക് കൂപ്പ് കുത്തിയത്. മലബാർ സിമന്റ്‌സിനെ കൈ പിടിച്ചുയർത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണം. പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ കമ്മറ്റി രൂപീകരിക്കണം.

എസ്.കെ.അനന്തകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALABAR CEMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL