
നെല്ലിയാമ്പതി: ചന്ദ്രമല എസ്റ്റേറ്റിലെ മട്ടത്ത്പാടി മേഖലയിൽ കാട്ടാനയുടെ നിരന്തര സാന്നിധ്യം പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ജനവാസ മേഖലയിലേക്ക് പതിവായി എത്തുന്ന 'ചക്കക്കൊമ്പൻ' എന്നറിയപ്പെടുന്ന കാട്ടാന തിങ്കളാഴ്ച രാത്രിയും മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ചതോടെ നാട്ടുകാർ ഭീതിയോടെയാണ് രാത്രി കഴിച്ചുകൂട്ടിയത്. വന്യജീവി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി ഏകദേശം 8.30ഓടെയാണ് കാട്ടാന ഇക്ബാലിന്റെ വീടിന്റെ മുറ്റത്തെത്തിയത്. വീടിനോട് ചേർന്നുനിന്ന പ്ലാവിലെ ചക്കകൾ മുഴുവൻ തിന്നശേഷം സമീപവാസിയായ ദുരൈസ്വാമിയുടെ കായ്ഫലമുള്ള രണ്ട് കവുങ്ങുകളും ആന നശിപ്പിച്ചു. തുടർന്ന് ജേക്കബ് പരപ്പന്റെ വീടിന് സമീപമുള്ള പ്ലാവിൻചുവട്ടിലെത്തിയ കാട്ടാന ഏറെ നേരം അവിടെ നിലയുറപ്പിക്കുകയും ഇടയ്ക്കിടെ ചിന്നംവിളിക്കുകയും ചെയ്തതോടെ പ്രദേശമാകെ പരിഭ്രാന്തി പടർന്നു.
രാത്രി മുഴുവൻ ജനവാസ മേഖലയിൽ ചുറ്റിനടന്ന കാട്ടാന ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 3.30ഓടെയാണ് ഉൾക്കാട്ടിലേക്ക് മടങ്ങിയത്. രാത്രി മുഴുവൻ നാട്ടുകാർ ഉറക്കമില്ലാതെ വീടുകളിൽ ജാഗ്രത പാലിച്ചിരിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ കാട്ടാനയെ ഉടൻ വനത്തിലേക്ക് തിരിച്ചയക്കാൻ സാധിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ജനവാസ മേഖലയിൽ ഇത്രയും നേരം കാട്ടാന തുടരേണ്ടിവന്നത് വനംവകുപ്പിന്റെ ഇടപെടലിനെതിരെയുള്ള വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുകയും ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചന്ദ്രമല, മട്ടത്ത്പാടി മേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യജീവി ശല്യം ഗണ്യമായി വർദ്ധിച്ചതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ രാത്രികാലങ്ങളിൽ വീടിന് പുറത്തേക്കിറങ്ങാനും തൊഴിലാവശ്യങ്ങൾക്കായി തോട്ടങ്ങളിലേക്ക് പോകാനും ആളുകൾ ഭയപ്പെടുകയാണ്. കാട്ടുമൃഗങ്ങളുടെ ആവർത്തിച്ചുള്ള ആക്രമണത്തിൽ കാർഷികവിളകൾക്കും സ്വകാര്യ സ്വത്തിനും തുടർച്ചയായി നാശനഷ്ടങ്ങൾ സംഭവിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |