വടക്കഞ്ചേരി: കണ്ണമ്പ്രയിൽ 40 വർഷത്തോളം പഴക്കമുള്ള കൂറ്റൻ ജലസംഭരണി ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിൽ നാട്ടുകാർക്ക് വലിയ ഭീഷണിയാകുന്നു. കാലപ്പഴക്കം ചെന്ന് പൂർണ്ണമായും ദ്രവിച്ച നിലയിലുള്ള ടാങ്ക് പൊളിച്ചുമാറ്റാൻ അധികൃതർ ഇതുവരെ നടപടിയെടുക്കാത്തത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിനോട് ചേർന്ന് ജനവാസ മേഖലയിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സമീപത്തായാണ് കുട്ടികൾ കളിക്കാൻ പോകുന്ന ഗ്രൗണ്ടുള്ളത്. ടാങ്കിന്റെ തൂണുകളിലെ കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ പുറത്തുവന്ന നിലയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഇത് തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയായി പെയ്യുന്ന ശക്തമായ മഴയിൽ കടുത്ത ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. അപകട ഭീഷണി മനസ്സിലാക്കി വാട്ടർ അതോറിറ്റി കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ ടാങ്കിലേക്ക് വെള്ളം കയറ്റുന്നത് നിറുത്തിവെച്ചിരിക്കുകയാണ്. പകരം നേരിട്ടാണ് ഇപ്പോൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. ടാങ്ക് പൊളിച്ചുമാറ്റുന്നതിനായി ഒന്നര വർഷം മുൻപ് തന്നെ വാട്ടർ അതോറിറ്റിയുടെ പാലക്കാട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് (പി.എച്ച് ഡിവിഷൻ) കത്ത് നൽകിയിരുന്നു. ഭരണസമിതി ഇത് പൊളിച്ചുമാറ്റാൻ തീരുമാനമെടുക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്‌തെങ്കിലും ഫണ്ട് ലഭിക്കാൻ വൈകുന്നതാണ് പൊളിക്കൽ നടപടികൾ നീളാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഫണ്ടിന്റെ പേരും പറഞ്ഞ് നടപടികൾ വൈകിപ്പിക്കുന്നത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ അടിയന്തരമായി ഇടപെട്ട് വാട്ടർ ടാങ്ക് സുരക്ഷിതമായി പൊളിച്ചുമാറ്റണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |