SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

കൊല്ലങ്കോട്ടെ പാടങ്ങളിൽ ഓലകരിച്ചിൽ രൂക്ഷം

ola
.

കൊല്ലങ്കോട്: കൊല്ലങ്കോട്ടെ വിവിധ പാടശേഖരങ്ങളിൽ ഓലകരിച്ചിലും പോള അഴുകൽ രോഗങ്ങളും ഓലചുരുട്ടി പുഴുവിന്റെ ആക്രമണവും രൂക്ഷമാകുന്നതായി കൃഷിഭവൻ നടത്തിയ കീടരോഗ സർവ്വേയിൽ കണ്ടെത്തി. മഴയ്ക്ക് ശേഷമുള്ള മൂടിക്കെട്ടിയ കാലാവസ്ഥ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്ന സാഹചര്യത്തിൽ കർഷകർ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കൊല്ലങ്കോട് കൃഷിഭവൻ അറിയിച്ചു. മണ്ണ്, വെള്ളം, കാറ്റ് എന്നിവ വഴി രോഗം വേഗത്തിൽ പടരുന്നതിനാൽ പാടശേഖരങ്ങളിലെ എല്ലാ കർഷകരും കൂട്ടമായി പ്രതിരോധ മാർഗ്ഗങ്ങൾ നടപ്പിലാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
 പ്രധാന പ്രതിരോധ നിർദേശങ്ങൾ

മണ്ണിലെ ബാക്ടീരിയ നശിപ്പിക്കാൻ ഏക്കറിന് 2 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ ചെറിയ കിഴികളാക്കി പാടത്തും കഴായിലും ഇട്ടിടണം. ഓലകരിച്ചിലിന് ഏക്കറിന് 40 ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിൻ 100 ലിറ്റർ വെള്ളത്തിൽ പശ ചേർത്ത് തളിക്കുക. 2 കിലോഗ്രാം പച്ചച്ചാണകം കലക്കി തെളിയെടുത്ത വെള്ളത്തിൽ ഈ ആന്റിബയോട്ടിക് ചേർത്ത് തളിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. പോള അഴുകലിന് പ്രൊപ്പിക്കൊസോൾ (1 മി.ലി/ലിറ്റർ) അല്ലെങ്കിൽ ടെബുകൊസോൾ + ട്രിഫ്‌ളോക്സിസ്‌ട്രോബിൻ (4 ഗ്രാം/10 ലിറ്റർ) എന്ന തോതിൽ തളിക്കുക. ഓലചുരുട്ടി പുഴുവിനെതിരെ ബ്യൂവേറിയ ബസ്സിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ ഫ്ളൂബെൻഡിയാമൈഡ് (ഫെയിം 20എം.എൽ/ഏക്കർ) ഇലകളുടെ അടിയിൽ എത്തുന്ന രീതിയിൽ തളിക്കേണ്ടതാണ്.
 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ- രോഗം ശമിക്കുന്നതുവരെ യൂറിയ ഉൾപ്പെടെയുള്ള നൈട്രജൻ വളങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. മരുന്ന് തളിക്കുമ്പോൾ ഏക്കറിന് 100 ലിറ്റർ വെള്ളം നിർബന്ധമായും ഉപയോഗിക്കണം. രോഗബാധ നിയന്ത്രണവിധേയമായ ശേഷം മാത്രമേ തുടർന്നുള്ള വളപ്രയോഗം നടത്താവൂ. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ

അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY FIELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL